തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കുംവിധം പരാമര്‍ശം നടത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോട് കൂടി തന്നെയാണ് ഇങ്ങനെയുള്ള പലരും സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.കേരളീയ സമൂഹം ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ ആശയതലത്തില്‍നിന്നും നല്ലത് പോലെ മുന്നേറിയിട്ടുള്ള ഒരു ആവാസ കേന്ദ്രമാണ്. അതിന്റെ ഫലമായി ജാതി വ്യവസ്ഥയുടെ ജീര്‍ണ്ണത നല്ലത് പോലെ കുറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള നാട്ടില്‍ എല്ലാറ്റിനേയും ജാതി അടിസ്ഥാനപ്പെടുത്തി, പ്രത്യേകിച്ച് പട്ടികജാതി-വര്‍ഗ, സ്ത്രീ ഈ വിഭാഗത്തിന് പ്രത്യേകമായി പരിശീലനം നല്‍കി കൈകാര്യം ചെയ്യേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.’അടൂര്‍ ഗോപാലകൃഷ്ണന്റെ എന്തൊക്കെയാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ഞാനങ്ങനെ അല്ല ഉദ്ദേശിച്ചതെന്നെന്നാണ് അദ്ദേഹം പറയുന്നത്.ഉറപ്പായും പറയാന്‍ പറ്റുന്ന കാര്യം, ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോട് കൂടി തന്നെയാണ് ഇങ്ങനെയുള്ള പലരും സംസാരിച്ചുകൊണ്ടിരിക്കുന്നത്. അത് ജനാധിപത്യ സമൂഹത്ത് ചെയ്യുന്ന ഏറ്റവും വലിയ നീതി കേടാണ്’ എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.സിനിമാ കോണ്‍ക്ലേവിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം. സര്‍ക്കാര്‍ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ സംവിധായകര്‍ക്കും സ്ത്രീസംവിധായകര്‍ക്കും നിര്‍ബന്ധമായും വിദഗ്ധരുടെകീഴില്‍ കുറഞ്ഞത് മൂന്നുമാസ തീവ്രപരിശീലനം നല്‍കണമെന്നായിരുന്നു വിവാദപരാമര്‍ശം. സിനിമാകോണ്‍ക്ലേവിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു അടൂര്‍ അതിരുവിട്ടത്.