ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും നേട്ടം കൊയ്ത് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2 സമനിലയായതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച ഇന്ത്യ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി 28 പോയന്‍റും 46.67 പോയന്‍റ് ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. അതേസമയം, ഇന്ത്യക്കെതിരായ പരമ്പരയില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രണ്ട് പോയന്‍റ് നഷ്ടമായ ഇംഗ്ലണ്ട് 26 പോയന്‍റും 43.33 പോയന്‍റ് ശതമാനവുമായി നാലാം സ്ഥാനത്തായി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ 36 പോയന്‍റും 100 പോയന്‍റ് ശതമാനവുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ബംഗ്ലാദേശിനെതിരായ ഒരു ടെസ്റ്റില്‍ ജയിക്കുകയും ഒരെണ്ണം സമനിലയാക്കുകയും ചെയ്ത ശ്രീലങ്ക 16 പോയന്‍റും 66.57 പോയന്‍റ് ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്.
രണ്ട് ടെസ്റ്റില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുള്ള ബംഗ്ലാദേശ് നാലു പോയന്‍റും 16.67 പോയന്‍റ് ശതമാനവുമായി അഞ്ചാമതുള്ളപ്പോള്‍ ഓസ്ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആണ് ആറാമത്. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ടെസ്റ്റ് പരമ്പരകള്‍ കളിച്ചിട്ടില്ല