വാട്‌സ്ആപ്പ് പ്രേമികള്‍ക്കായി പുതിയ ഫീച്ചറുമായി മെറ്റ. പുതിയ സ്റ്റാറ്റസ് അലര്‍ട്ട് നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. നിങ്ങള്‍ തെരഞ്ഞെടുത്തിട്ടുളള കോണ്‍ടാക്റ്റുകള്‍ പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോള്‍ അലേര്‍ട്ട് നല്‍കുന്ന ഒരു ഫീച്ചറാണ് ഇനി വരാന്‍ പോകുന്നത്.ഈ പുതിയ ഫീച്ചര്‍ വഴി ആവശ്യമുള്ള തെരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ വരുമ്പോള്‍ ഉടന്‍ തന്നെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനായ 2.24.22.21-ല്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.നിങ്ങള്‍ അവരുടെ സ്റ്റാറ്റസ് അലേര്‍ട്ടുകള്‍ ഓണ്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു കോണ്‍ടാക്റ്റിന്റെ സ്റ്റാറ്റസ് വിന്‍ഡോയില്‍ തന്നെ ഇതിനായുള്ള പ്രത്യേക ഓപ്ഷന്‍ ലഭ്യമാകും.ഇത് ഓണ്‍ ചെയ്താല്‍ ആ വ്യക്തി പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോള്‍ ഉടന്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഈ നോട്ടിഫിക്കേഷനില്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത ആളുടെ പേരും പ്രൊഫൈല്‍ ചിത്രവും കാണാന്‍ സാധിക്കും. ആപ്പ് തുറക്കാതെ തന്നെ ആരാണ് പുതിയ സ്റ്റാറ്റസ് ഇട്ടതെന്ന് മനസ്സിലാക്കാം.ആവശ്യമില്ലെങ്കില്‍ ഈ നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്യാനും സാധിക്കും. അതിനായി അതേ സ്റ്റാറ്റസ് വിന്‍ഡോയില്‍ പോയി മ്യൂട്ട് നോട്ടിഫിക്കേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി.