പൊന്നാനി ∙ ട്രോളിങ് നിരോധനകാലം കഴിഞ്ഞു ജില്ലയുടെ മീൻപിടിത്ത മേഖല ഉണർന്നു. രണ്ടു മാസം നീണ്ട വിശ്രമകാലത്തിനു ശേഷം കടലിൽ മീൻ പിടിത്തത്തിനിറങ്ങിയ ബോട്ടുകാർക്ക് ആശ്വാസച്ചാകര. പൊന്നാനി ഹാർബറിൽനിന്ന് മീൻ പിടിത്തത്തിനിറങ്ങിയ ബോട്ടുകാർക്കു പ്രതീക്ഷയ്ക്കൊത്ത മീൻ കിട്ടി.
കിളിമീനാണ് കാര്യമായി കിട്ടിയത്. 2 മാസത്തെ ട്രോളിങ് നിരോധനം കടലിൽ മത്സ്യസമ്പത്ത് കൂട്ടിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയോടെയാണു ബോട്ടുകാരെല്ലാം കടലിലിറങ്ങിയത്. എന്നാൽ, പതിവായി ലഭ്യമാകുന്ന ഇനം മത്സ്യങ്ങളിൽ മാത്രമാണു വർധനയുണ്ടായിരിക്കുന്നത്. മിക്ക ബോട്ടുകാർക്കും കിളിമീനാണ് കാര്യമായി കിട്ടിയത്. ഇന്നുകൂടി കിളിമീൻ കാര്യമായി ലഭിച്ചാൽ വിലയിടിച്ചിലുണ്ടാകും.
ഇന്നലെ ഒരു കൊട്ട കിളിമീൻ 3000 രൂപയ്ക്കാണു ലേലത്തിൽ വിറ്റത്. ട്രോളിങ് നിരോധന സമയത്ത് മത്സ്യങ്ങളുടെ പ്രജനനസമയമായതിനാൽ വലിയ മത്സ്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണു ബോട്ടുകൾ കടലിലിറങ്ങിയത്. ട്രോളിങ് നിരോധനത്തിനു ശേഷം കൂന്തൽ, ചെമ്മീൻ എന്നിവ യഥേഷ്ടം ലഭിക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം കടലിലിറങ്ങിയ വലിയ ബോട്ടുകൾ ഇന്നും നാളെയുമായി കരയിലെത്തും.











