തിരുവനന്തപുരം ; സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തടയാൻ പോലീസ് നല്‍കുന്ന വനിതാ സ്വയംപ്രതിരോധ പരിശീലനം പൂർത്തിയാക്കിയവരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു.
ശാരീരികമായി നേരിടാൻ വരുന്നവരെ കീഴടക്കാനുള്ള പരിശീലനം, സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍, സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍ നല്‍കുന്നത്. ബേസിക്, ഇന്റർമീഡിയറ്റ്, അഡ്വാൻസ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായുള്ള സൗജന്യ സ്വയംപ്രതിരോധ പരിശീലനമാണ് ജില്ലകള്‍തോറും നല്‍കുന്നത്. സ്കൂളുകള്‍, കലാലയങ്ങള്‍, റെസിഡൻസ് അസോസിയേഷൻ, സാംസ്കാരിക സംഘടനകള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരെ പങ്കാളികളാക്കിയാണ് പരിശീലനം. തിരഞ്ഞെടുത്ത വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്.
ബെവറജസ് കോർപ്പറേഷനില്‍ ജോലിചെയ്യുന്ന വനിതകള്‍, രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടി വരുന്ന കെഎസ്‌ആർടിസി കണ്ടക്ടർമാരായ വനിതകള്‍, കോളേജ് വിദ്യാർഥിനികള്‍, വീട്ടമ്മമാർ എന്നിവർ പരിശീലനം കിട്ടിയവരില്‍ ഉള്‍പ്പെടും. അപരാജിത, പിങ്ക് പോലീസ്, നിഴല്‍, വനിതാ പോലീസ് സ്റ്റേഷൻ, വനിതാ സെല്‍ എന്നിങ്ങനെ, സ്ത്രീസുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന പദ്ധതികള്‍ക്കൊപ്പമാണ് സ്വയംപ്രതിരോധ പരിശീലനം.
വർഷംതോറും 20,000-ത്തിനടുത്ത് കേസുകളാണ് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റർ ചെയ്യുന്നത്. 3000-ത്തിനടുത്ത് ബലാത്സംഗ കേസുകളും 4000-ത്തിനു മുകളില്‍ പീഡനക്കേസുകളും വർഷംതോറുമുണ്ടാകുന്നു. സ്ത്രീകളുടെ തൊഴില്‍സമയത്തിലുള്‍പ്പെടെയുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വയം പ്രതിരോധവുമായി പോലീസ് രംഗത്തുവന്നത്