തിരുവനന്തപുരം: കഠിനമായ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയുടെ വയറിൽ നിന്നും റബർ ബാൻഡുകൾ കണ്ടെത്തി. പാറശാലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ നാൽപതുകാരിയുടെ വയറ്റിൽ നിന്നും 41 റബർ ബാൻഡുകളാണ് കണ്ടെത്തിയത്.യുവതിയ്ക്ക് റബർ ബാൻഡുകൾ ചവയ്ക്കുന്ന ശീലമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സ്കാനിങ്ങിനു വിധേയയാക്കിയപ്പോഴാണ് ചെറുകുടലിൽ മുഴയും തടസ്സവും കണ്ടെത്തി അടിയന്തര ശസ്ത്രക്രിയ നടത്തിയത്. കുടലുമായി പറ്റിച്ചേർന്ന് പന്തു പോലെയായ റബർ ബാൻഡുകൾ ഒരോന്നായാണ് നീക്കം ചെയ്തത്.ശസ്ത്രക്രിയ കഴിഞ്ഞ യുവതി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.