മോസ്കോ: റഷ്യയിൽ തകർന്ന് വീണ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ എല്ലാവരും മരിച്ചതായി സൂചന. 50 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. കത്തിയമർന്ന വിമാനത്തിൽ ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. സംഭവസ്ഥലത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് അതിർത്തിക്ക് സമീപം റഷ്യയിലെ അമുർ മേഖലയ്ക്ക് മുകളിൽവെച്ചാണ് അങ്കാറ എയർലൈൻസിന്റെ എഎൻ 24 വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ബ്ലാഗോവെഷ്‌ചെൻസ്ക് നഗരത്തിൽ നിന്ന് ടിൻഡ പട്ടണത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഡാറിൽനിന്ന് അപ്രത്യക്ഷമായതിന് പിന്നാലെ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. രക്ഷാപ്രവർത്തന ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ടിൻഡയിൽനിന്ന് 16 കിലോമീറ്റർ ദൂരത്തുള്ള വനപ്രദേശത്തെ മലഞ്ചെരുവിൽ വിമാനം തകർന്നുവീണ് കത്തുന്നതായി കണ്ടെത്തി. ഹെലികോപ്റ്ററിൽനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാടിനുള്ളിൽ കത്തിയമരുന്ന വിമാനാവശിഷ്ടങ്ങൾ ദൃശ്യങ്ങളിൽ കാണാം.ടിൻഡ വിമാനത്താവളത്തിലേക്ക് വീണ്ടും അടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് വിമാനം തകർന്നു വീണതെന്ന് റഷ്യയിലെ ഫാർ ഈസ്റ്റേൺ ട്രാൻസ്പോർട്ട് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടിൻഡ വിമാനത്താവളത്തിനടുത്ത് വിമാനം ചുറ്റിത്തിരിഞ്ഞുവെന്നും രണ്ടാമതും ലാൻഡിങ്ങിനായി ശ്രമിച്ചുവെന്നും എന്നാൽ, ഇതിന് പിന്നാലെ ആശയവിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.