വ്യാജ കഞ്ചാവു കേസിൽ പൊലീസ് കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചയാൾ എംഡിഎംഎയുമായി എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിൽ. വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പൻ മണി എന്ന മണ്ണിൽ അനിൽകുമാറാണ് (43),പൊലീസിനെതിരെ ആരോപണവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി 2 മാസത്തിനു ശേഷം പിടിയിലായത്. ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ്( 30), പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി ( 44) എന്നിവരും പിടിയിലായി
ഇയാൾ ആഴ്ചകളായി മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 5 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി വരുന്നതിനിടെ വേങ്ങരയ്ക്കു സമീപംവച്ചാണ് അനിൽ കുമാറിനെയും കൂട്ടുകാരെയും പിടികൂടിയത്. ലഹരി കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടികൂടി. കഞ്ചാവു കേസിൽ പിടിയിലായവരുമായി ബന്ധമുണ്ടെന്നു സമ്മതിക്കാൻ പൊലീസ് നിരന്തരം പീഡിപ്പിക്കുന്നുവെന്നായിരുന്നു ഇയാളുടെ പരാതി
പരപ്പനങ്ങാടി എക്സൈസ് ഇൻസ്‌പെക്ടർ കെ.ടി.ഷനൂജ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫിസർമാരായ കെ.പ്രദീപ് കുമാർ, മിനുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ അഖിൽ ദാസ്, അരുൺ പാറോൽ, ശിഹാബ്, ജിഷ്നാദ്, പ്രവീൺ, പി.എം. ലിഷ, ഡ്രൈവർ ഷണ്മുഖൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.