ഷാര്‍ജ റോളയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഇടപെടൽ, അതുല്യയുടെ ഭർത്താവ് സതീഷിനെയും അതുല്യയുടെ ബന്ധുക്കളെയും ഇന്നലെ ഇന്ത്യൻ കോൺസുലേറ്റ് വിളിപ്പിച്ചിരുന്നു. താമസസ്ഥലത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ സതീഷിനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇടപെടൽ. അതേസമയം സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
അതുല്യയുടെ മരണം സംബന്ധിച്ച് കോൺസുലേറ്റ് അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ ചർച്ചകൾ നടന്നിരുന്നു. അതുല്യയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ് ശങ്കർ . അതുല്യയുടെ മരണത്തിന് പിന്നാലെ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം അറിയിച്ചു.
ജുമൈറയിൽ പ്രവർത്തിക്കുന്ന മലയാളിയുടെ കമ്പനിയിലാണ് സതീഷ് സൈറ്റ് എൻജിനീയറായി ജോലി ചെയ്തിരുന്നത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതിയും സതീഷിൻ്റെ വിഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഒരു വർഷം മുൻപാണ് സതീഷ് ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.
വെള്ളിയാള്ച രാത്രിയാണ് അതുല്യ ശേഖറി(30)നെ റോള പാർക്കിനടുത്തെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിൻ്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അതുല്യ അയച്ചുകൊടുത്തിരുന്നു. അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിൻ്റെ തെളിവുകളുമുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം അതുല്യയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നാണ് യുഎഇയിൽ നിന്ന് സതീഷ് മാധ്യമങ്ങളോട് സംസാരിച്ചത്. അതുല്യ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. അതുല്യക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാൻ താനും ആഗ്രഹിക്കുന്നെന്നും സതീഷ് പറഞ്ഞു.
എന്നാൽ മകളെ കെലപ്പെടുത്തിയതാണെന്ന് പറഞ്ഞ് അതുല്യയുടെ കുടുംബം ചവറ തെക്കുംഭാഗം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശാരീരികമായ പീഡനങ്ങൾ സഹിക്കാനാകാതെ വന്നതോടെ അതുല്യ നേരത്തെ ഷാർജ പോലീസിൽ പരാതി നൽകിയിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഭർത്താവ് സതീഷ് നിരന്തരം മർദിക്കുമെന്ന് അതുല്യ പറഞ്ഞിട്ടിട്ടുണ്ടെന്ന് അമ്മ തുളസീഭായ് പ്രതികരിച്ചിരുന്നു. സ്ഥിരം മദ്യപാനിയാണ് സതീഷ്. മദ്യപിച്ച് വന്നിട്ട് അതുല്യയെ ക്രൂരമായി മർദിക്കും. എന്തിനാണ് ഇങ്ങനെ സഹിച്ച് കഴിയുന്നതെന്ന് മകളോട് പലതവണ ചോദിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞിരുന്നു.