ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ ഇഡി അസിസ്റ്റന്‍റ് ഡയറക്റ്റര്‍ ശേഖർ കുമാറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്. ചോദ്യം ചെയ്യലിനായി ശേഖർ കുമാർ വിജിലൻസ് ഓഫീസിൽ ഹാജരായി. കൊച്ചി വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെയാണിത്.
കേസിലെ മറ്റ് പ്രതികളുമായി ശേഖര്‍കുമാര്‍ ആശയവിനിമയം നടത്തിയതിന്‍റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഇഡി അസിസ്റ്റന്‍റ് ഡയറക്റ്റർ ശേഖർ കുമാർ.
കേസ് ഒതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇതിന്‍റെ ആദ്യഘഡു കൈപ്പറ്റുന്നതിനിടെ ഏജന്‍റുമാരായ വിൽസൻ, ഹവാല ഇടപാടുകാരൻ മുകേഷ് എന്നിവരെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് വാര്യരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസമായി പിടിയിലായവരും ശേഖർകുമാറുമായുളള ബന്ധം ഉറപ്പിക്കുന്ന തെളിവുകൾ തേടുകയായിരുന്നു വിജിലൻസ്.പിന്നീട് പിടിയിലായവരുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ വിജിലൻസിന് ലഭിച്ചതോടെയാണ് കേസിൽ ശേഖർ കുമാറിന്റെ പങ്ക് വ്യക്തമായത്.