ന്യൂഡല്‍ഹി: മേഘാലയയില്‍ മധുവിധുയാത്രയ്ക്കിടെ ഭാര്യ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്ന ഫോണ്‍ സംഭാഷണം കേസില്‍ പുതിയ വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്. പ്രതിയായ സോനം രഘുവംശിയുടെ കുടുംബത്തിനൊന്നാകെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സഹോദരന്‍ വിപിന്‍ രംഗത്തെത്തി. സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.മെയ് മാസത്തില്‍ ഷില്ലോങ്ങില്‍ ദമ്പതികളുടെ മധുവിധുയാത്രയ്ക്കിടെ ഭാര്യ സോനം, കാമുകന്‍ രാജ് കുശ്വാഹ, മറ്റ് മൂന്ന് പേര്‍ എന്നിവര്‍ ചേര്‍ന്ന് രാജയെ കൊലപ്പെടുത്തിയെന്നാണ് മേഘാലയ പോലീസ് അറിയിച്ചിരിക്കുന്നത്.കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെ മേഘാലയ പോലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാജ രഘുവംശിയുടെ സഹോദരന്‍. മേഘാലയ പോലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് വിപിന്‍ ആരോപിച്ചു. പ്രതികള്‍ക്ക് ഇത്ര പെട്ടെന്ന് ജാമ്യം ലഭിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം ജനിപ്പിക്കുന്ന, പുറത്തുവന്നതായി പറയപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സോനം, തന്റെ കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് വിപിന്‍ പറഞ്ഞു.’സോനവുമായി യാതൊരു ആശയവിനിമയവുമില്ലെന്ന് കുടുംബം അവകാശപ്പെട്ടിരുന്നു, എന്നാല്‍ അത് കളവാണെന്ന് തെളിഞ്ഞു. സോനം നാലോ അഞ്ചോ തവണ സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ നാലാഴ്ചയായി സോനവും ഗോവിന്ദും സംസാരിക്കുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കുടുംബം മുഴുവന്‍ ഇതില്‍ പങ്കാളികളാണ്. അവര്‍ ഒരു അഭിഭാഷകനെ നിയമിക്കുകയും ജാമ്യത്തിനായി സജീവമായി ശ്രമിക്കുകയും ചെയ്തു. ആദ്യം സോനം രാജയെ ചതിച്ചു, ഇപ്പോള്‍ അവളുടെ സഹോദരന്‍ നമ്മളെ എല്ലാവരെയും ചതിക്കുകയാണ്’ എന്ന് വിപിന്‍ രഘുവംശി ആരോപിച്ചു.ജയിലില്‍ കഴിയുമ്പോള്‍ സോനം തന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയിരുന്നതായി മേഘാലയ പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിക്കുന്നത് ഒരു മാധ്യമപ്രവര്‍ത്തകന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.