തച്ചമ്പാറ (പാലക്കാട്) ∙ പാലക്കാട് – കോഴിക്കോട് ദേശീയപാത എടായ്ക്കൽ വളവിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. ഓട്ടോ ഡ്രൈവർ കാഞ്ഞിരപ്പുഴ തൃക്കളൂർ തോടുകുഴി കമ്മാളൻകുന്നൻ ഹംസയുടെ മകൻ അസീസ് (50),യാത്രക്കാരനായ തൃക്കള്ളൂർ തോടുകുഴി വാഴേക്കാട്ടിൽ വീട്ടിൽ കണ്ടപ്പന്റെ മകൻ അയ്യപ്പൻകുട്ടി (പൊന്നുമണി – 62) എന്നിവരാണു മരിച്ചത്. അതിനിടെ, അസീസിന്റെ ബന്ധു മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. തൃക്കളൂർ തോടുകുഴി പാറക്കതൊടി നഫീസ (75) ആണ് ഇന്നലെ രാത്രി പത്തോടെ മരിച്ചത്
ഇന്നലെ രാത്രി 8.15 നായിരുന്നു അപകടം. പാലക്കാട്ടു നിന്നു കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ബസും ചിറക്കൽപടിയിൽ നിന്നു പാലക്കാട് ഭാഗത്തേക്കുള്ള ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്നു തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയ്യപ്പൻകുട്ടിയുടെ മകന്റെ പേപ്പർ ബാഗ് നിർമാണക്കമ്പനിയുടെ ആവശ്യത്തിനായി ഓട്ടോയിൽ പോകുന്നതിനിടെ ആയിരുന്നു അപകടം.
ഇരുവരുടെയും മൃതദേഹങ്ങൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. പരേതയായ ആയിഷയാണു മരിച്ച അസീസിന്റെ ഉമ്മ. ഭാര്യ: ആസ്യ. മക്കൾ: അനീസ്, ആഷിഖ്, അജാസ്. ഭാർഗവിയാണ് അയ്യപ്പൻകുട്ടിയുടെ അമ്മ. ഭാര്യ: ശോഭ. മക്കൾ: അനീഷ്, ഹരീഷ്. അസീസിന്റെ അടുത്ത ബന്ധുവായ, മരിച്ച നഫീസ തനിച്ചാണു താമസം. രാത്രിയിൽ അസീസിന്റെ വീട്ടിലേക്കും വരുമായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.