എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിച്ചിരുന്ന അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പ് അടിമുടി ഹൈടെക്. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ 3 പേരും ചങ്ങനാശേരി സ്വദേശിയായ ഒരു ഇടപാടുകാരനുമാണ് തിങ്കളാഴ്ച എളമക്കര, കടവന്ത്ര പൊലീസിന്റെ സംയുക്ത ഓപ്പറേഷനിൽ പിടിയിലായത്. അനാശ്യാസത്തിന് ഇവർ ഇവിടെ എത്തിച്ച അസം, ബംഗാൾ സ്വദേശികളായ 6 യുവതികളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി സ്വദേശിയായ പി.അക്ബർ അലി (28) ആണ് സംഘത്തലവൻ
നാട്ടുകാര്‍ തന്നെയായ എ.മൻസൂർ അലി (30), പി.പി.ഷെഫീഖ് (26) എന്നിവരാണ് കൂട്ടാളികൾ. ഇടപാടിനായി ഇവിടെയെത്തിയ ചങ്ങനാശേരി സ്വദേശി പി.വി.വിഷ്ണു (27) ആണ് അറസ്റ്റിലായ നാലാമൻ. അക്ബർ അലിയുടെ നിർദേശപ്രകാരം ഇടപാടുകാരെ കൊണ്ടുവരുന്ന ജോലിയാണ് മറ്റു 2 പേർക്കും ഉണ്ടായിരുന്നത്. എസ്കോർട്ട് സർവീസിന് സ്ത്രീകളെയും പുരുഷന്മാരെയും നൽകുന്ന ആപ്പിലൂടെയായിരുന്നു ഇടപാടുകൾ. ഷെഫീഖിന്റെ പേരില്‍ ഈ ആപ്പിലുള്ള അക്കൗണ്ട് വഴിയായിരുന്നു ആവശ്യക്കാർ ബന്ധപ്പെടുക
തുടർന്ന് എത്തേണ്ട സ്ഥലത്തിന്റെ വിവരം ഷെഫീഖ് അറിയിക്കും. 3000 രൂപയാണ് ഇടപാടുകാർ നൽകേണ്ടത്. ഇത് നൽകേണ്ടതാകട്ടെ അനാശാസ്യ കേന്ദ്രത്തിൽ അക്ബർ അലിയുടെ പേരില്‍ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് മുഖേനെ. ഇതിനുശേഷം സ്ഥലത്തുള്ള യുവതികളിൽ നിന്ന് ഇഷ്ടമുള്ളവരെ ആവശ്യക്കാർക്ക് തിരഞ്ഞെടുക്കാം എന്നതാണ് രീതി. ഇതിൽ 1000–1500 രൂപയാണ് ഓരോ ഇടപാടിനും യുവതികൾക്ക് നൽകുന്നത്. 750 രൂപ ഇടപാടുകാരെ കൊണ്ടുവരുന്നവർക്കുള്ള കമ്മിഷനാണ്. ബാക്കി തുകയാണ് അക്ബർ അലിക്ക് ലഭിക്കുക
ഇടപ്പള്ളിയിൽ അനാശ്യാസകേന്ദ്രം പ്രവർത്തിക്കുന്നു എന്ന വിവരം എളമക്കര പൊലീസിന് ലഭിക്കുന്നിടത്തു നിന്നാണ് ഇവരെ പിടികൂടാനുള്ള കാര്യങ്ങള്‍ തുടങ്ങുന്നത്. സ്ഥലത്തെത്തിയ പൊലീസിന് പക്ഷേ ഇവിടെ പെൺകുട്ടികളെ കണ്ടെത്താനായില്ല. എന്നാൽ അക്ബര്‍ ഇവിടെയുണ്ടായിരുന്നു. അക്ബറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കടവന്ത്ര പൊലീസിന് അനാശാസ്യ കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.
സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്ക ഗേറ്റിനടുത്തുള്ള കർഷക റോഡിലെ ഒരു വീടാണ് കേന്ദ്രം എന്നറിഞ്ഞതോടെ പൊലീസ് അവിടെയെത്തി. ഇവിടെ എത്തിയപ്പോൾ 6 യുവതികളും ഷെഫീഖും മൻസൂറും ഇടപാടിന് എത്തിയ വിഷ്ണുവും സ്ഥലത്തുണ്ട്. ഷെഫീഖിനെയും മൻസൂറിനെയും ചോദ്യം ചെയ്യുന്നതിൽ നിന്നാണ് അക്ബറിന്റെ പങ്ക് കടവന്ത്ര പൊലീസ് അറിയുന്നത്. ഈ സമയം എളമക്കര പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു അക്ബർ. പിന്നീട് അക്ബറിനെ കൂടി കസ്റ്റഡിയിലെടുത്തു. നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി ചൊവ്വാഴ്ച റിമാൻഡ് ചെയ്തു.
20,000 രൂപയ്ക്ക് വാടകയ്ക്ക് എടുത്ത കെട്ടിടത്തിലായിരുന്നു ഇവർ അനാശ്യാസ കേന്ദ്രം നടത്തിയിരുന്നത്. അതേസമയം, ഐടി മേഖലയിലും മറ്റുമുള്ള ഒട്ടേറെ യുവതികളെ അടുപ്പം കാട്ടി, പിന്നീട് ലഹരിക്ക് അടിമകളാക്കി അകബ്ർ അനാശാസ്യത്തിലേക്ക് എത്തിച്ചിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ലഹരി ഇടപാടുമായോ മറ്റു കാര്യങ്ങളിലോ ഇവർക്ക് പങ്കുള്ളതായി തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് പൊലീസ് പറയുന്നത്