കോഴിക്കോട്: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മനുഷ്യൻ എന്ന നിലയിലാണ് താൻ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടത്തെ മത പണ്ഡിതരോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെടും. ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. യെമൻ ജനതയ്ക്ക് സ്വീകാര്യരായ മുസ്ലീം പണ്ഡിതരെയാണ് താൻ ബന്ധപ്പെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവർ’ കാന്തപുരം പറഞ്ഞു.സാബിയിലെ ഷെയ്‌ഖ് ഇടപെട്ടതോടെയാണ് യെമൻ ഭരണകൂടം വധശിക്ഷ മാറ്റിവയ്‌ക്കാൻ ഉത്തരവിട്ടത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയാണ് ഒടുവിൽ ഫലംകണ്ടത്. ഇതോടെ വധശിക്ഷ മാറ്റിവയ്‌ക്കുന്നതിനായി അറ്റോണി ജനറൽ ഉത്തരവിറക്കുകയായിരുന്നു.നയതന്ത്രപരമായി ഇന്ത്യയ്‌ക്ക് ഇടപെടൽ നടത്താൻ സാദ്ധ്യത കുറവായിരുന്ന സ്ഥാനത്താണ് സ്വകാര്യ ഇടപെടൽ നിർണായകമായത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായി ഇടപെടാൻ പരിമിതികളുള്ള പ്രദേശമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ കഴിയുന്നുവെന്നതാണ് പ്രധാന കാരണം. ഈ പ്രദേശം ഹൂതികളുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരിന് വിഷയത്തിൽ ഇടപെടുന്നതിൽ പരിധിയുണ്ടെന്ന് അറ്റോണി ജനറൽ ആർ വെങ്കിടരമണിയും കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. യമനിലെ സങ്കീർണ സാഹചര്യമാണ് ഇതിന് കാരണം.ലോകത്തെ മറ്റിടങ്ങൾ പോലെയല്ല യെമൻ. പൊതുവായി പോയി സ്ഥിതിഗതികൾ സങ്കീർണമാക്കാതെ സ്വകാര്യ ഇടപെടലിന് ശ്രമിക്കുന്നതാണ് നല്ലതെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതാണ് കേസിൽ കാന്തപുരം ഇടപെടാനുണ്ടായ കാരണം. കാന്തപുരത്തിന്റെ നിർദേശപ്രകാരം യെമനിലെ സൂഫി പണ്ഡിതൻ ഷെയ്‌ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് നടത്തിയ ചർച്ചകളാണ് നിമിഷപ്രിയയുടെ കേസിൽ നിർണായകമായത്.