നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു. ഹബീബ് അബ്ദുൾ റഹ്മാൻ മഹ്ഷൂസിൻ്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഉന്നതതല സംഘം തലാലിൻ്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.ഉത്തരയമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈയൊരു സാഹചര്യത്തിൽ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണ്ണായകമായത്. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിലായിരുന്നു കാന്തപുരം ഇടപെട്ട് അനൗദ്യോഗിക ചർച്ചകൾക്കുള്ള സാധ്യത തുറന്നത്.