ബോംബൈ സ്റ്റോക് എക്സ്ചേഞ്ചിന് വ്യാജ ഭീഷണി സന്ദേശം. കെട്ടിടത്തില്‍ നാല് ബോംബുകള്‍ വച്ചിട്ടുണ്ടെന്നാണ് ഇ–മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. സഖാവ് പിണറായി വിജയന്‍ എന്ന പേരിലാണ് മെയില്‍ അയച്ചിരിക്കുന്നത്. വിശദമായ പരിശോധനയില്‍ ബോംബുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കെട്ടിടത്തില്‍ 4 ആര്‍ഡിഎക്സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കെട്ടിടം ചുട്ടുചാമ്പലാക്കുമെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. വൈകിട്ട് മൂന്ന് മണിയോടെ സ്ഫോടനമുണ്ടാകുമെന്നും മെയിലില്‍ അവകാശപ്പെട്ടിരുന്നു. മെയില്‍ ലഭിച്ചതിന് പിന്നാലെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തേക്ക് ഇരച്ചെത്തി. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതോടെ അജ്ഞാതനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.