വിദേശത്തുള്ള പിണറായി വിജയനു കേൾക്കാൻ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത്ഷാ. ‘പിണറായി സാബ് വിദേശത്തു പോയി. തിരുവനന്തപുരത്ത് ബിജെപിയുടെ മഹാസമ്മേളനം നടക്കുന്നുവെന്ന് അദ്ദേഹം അറിയണം. കൈകൾ ഉയർത്തിപ്പിടിച്ച്, വികസിത കേരളത്തെ മനസ്സിൽ ഓർത്ത് ഉച്ചത്തിൽ വിളിക്കൂ, ഭാരത് മാതാ കീ ജയ്’ -അമിത് ഷാ ആവശ്യപ്പെട്ടു.
ചരിത്രപുരുഷന്മാരെ അനുസ്മരിച്ചും മലയാളത്തിൽ പ്രസംഗിക്കാൻ കഴിയാത്തതിൽ ക്ഷമചോദിച്ചുമായിരുന്നു അമിത് ഷാ പ്രസംഗം തുടങ്ങിയത്. പുത്തരിക്കണ്ടത്തുനടന്ന ബിജെപിയുടെ നേതൃസമ്മേളനത്തിൽ അമിത് ഷാ പ്രവർത്തകരെ ആവേശം കൊള്ളിച്ചു.
മന്നത്ത് പദ്മനാഭനും ശ്രീനാരായണഗുരുവിനും അയ്യങ്കാളിക്കും പണ്ഡിറ്റ് കറുപ്പനും ജന്മംനൽകിയ കേരളനാടിനെ വണങ്ങുന്നു. വേദങ്ങൾക്കും ഉപനിഷത്തുക്കൾക്കും ഭാഷ്യം രചിച്ച ആദിശങ്കരന്റെ ജന്മഭൂമിയിൽ, അദ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു
സുന്ദരമായ മലയാളത്തിൽ പ്രസംഗിക്കാൻ കഴിയാത്തതിൽ ക്ഷമചോദിക്കുന്നു -അമിത് ഷാ പറഞ്ഞു. സമ്മേളനത്തിലെ ആൾക്കൂട്ടത്തിലും അദ്ദേഹം സന്തുഷ്ടനായിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കൽ, രാമക്ഷേത്രനിർമാണം, വഖഫ്ഭേദഗതി ബിൽ തുടങ്ങിയവയൊക്കെ അദ്ദേഹം എടുത്തുപറഞ്ഞു. ‘പലതവണ കേരളത്തിൽ വന്ന് ഇവിടുത്തെ രാഷ്ട്രീയം മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിൽ ഇത്തരം വലിയൊരു സമ്മേളനം നടത്തുന്ന ബിജെപിയുടെ ഭാവി കരുത്തുറ്റതാണ്, ശോഭനമാണ്’- അദ്ദേഹം പറഞ്ഞു.
ഓണവില്ലും വാളും സമ്മാനിച്ചും കൂറ്റൻ ഹാരവും തൊപ്പിയും അണിയിച്ചുമാണ് നേതാക്കൾ അമിത് ഷായെ സ്വീകരിച്ചത്.







