യൂട്യൂബർ എംഡിഎംഎ യുമായി അറസ്റ്റിലായ കേസിൽ പ്രതി റിൻസി മുംതാസുമായി ബന്ധമുള്ള നാല് സിനിമാതാരങ്ങളിൽ നിന്ന് വിവരങ്ങൾ തേടി പൊലീസ്. കഴിഞ്ഞ ആറുമാസമായി സ്ഥിരമായി റിൻസിയെ വിളിച്ചിരുന്നവരെയാണ് പോലീസ് ഫോണിൽ വിളിച്ചത്. സിനിമാ പ്രമോഷൻ ആവശ്യങ്ങൾക്ക് റിൻസിയുമായി സംസാരിച്ചു എന്നാണ് നടന്മാർ പോലീസിനെ അറിയിച്ചത്.
സുഹൃത്തായതിനാൽ സ്ഥിരമായി വിളിച്ചിരുന്നു എന്നും നടന്മാരിൽ നിന്ന് പോലീസിന് മറുപടി ലഭിച്ചു. ആറുമാസത്തിനിടെ റിൻസിയുമായി സ്ഥിരമായി സംസാരിച്ച 30 പേരുടെ പട്ടിക തയ്യാറാക്കി. റിൻസി താമസിച്ച ഫ്ലാറ്റിൽ സിനിമാതാരങ്ങൾ സ്ഥിരമായി വന്നു പോയിരുന്നു. റിൻസിയുടെ ഫോണിൽ റെക്കോർഡ് ചെയ്ത ഫോൺ സന്ദേശങ്ങളും പരിശോധിക്കുന്നുെണ്ട്. ഡിലീറ്റ് ചെയ്ത ഫോൺകോൾ റെക്കോർഡുകൾ വീണ്ടെടുക്കാനും ശ്രമം തുടങ്ങി.
റിൻസി മുംതാസിന്റെ ഫോണിൽ നിന്നും കണ്ടെത്തിയത് സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരുമായി ബന്ധമാണ്. കോഴിക്കോട് സ്വദേശി റിൻസിയുമായി വൻതോതിൽ പണം ഇടപാട് നടത്തിയതായി കണ്ടെത്തി. ലഹരി മരുന്ന് വിൽപ്പനയ്ക്ക് വേണ്ടിയാണോ പണം ഇടപാട് നടന്നതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. നിലവിൽ റിമാൻഡിലാണ് റിൻസി. റിൻസിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പൊലീസ് കോടതിയിൽ നാളെ അപേക്ഷ നൽകും.
റിൻസി മുംതാസിന്റെ ഫ്ളാറ്റിൽനിന്ന് 22 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. റിൻസിയുടെ സുഹൃത്തായ യാസർ അറഫാത്തിനെ പിന്തുടർന്നാണ് പൊലീസ് സംഘം ഫ്‌ളാറ്റിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്