കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 7.30 ഓടെ മൃതദേഹം വീട്ടിലെത്തിക്കും. പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം.അതേസമയം, കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടം റവന്യൂ സംഘം ഇന്ന് പരിശോധിക്കും. കളക്ടറുടെ നേതൃത്വത്തിലാവും റവന്യൂ സംഘം പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് നൽകും. ഇതിനിടെ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. ബിന്ദുവിന്റെ മരണത്തിന് കാരണം ആരോഗ്യ മന്ത്രിയാണെന്നും മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.തലയോലപ്പറമ്പ് പള്ളിക്കവലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു. നിർമ്മാണ തൊഴിലാളിയാണ് ഭർത്താവ് വിശ്രുതൻ. കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. ഭർത്താവായിരുന്നു പരാതി ഉന്നയിച്ചത്.തകർന്നുവീണ 14ാം വാർഡിലാണ് ബിന്ദു പോയതെന്നും 13, 14 വാർഡിലുള്ളവർ 14-ാം വാർഡിലാണ് പ്രാഥമിക കൃത്യങ്ങൾക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കൾ ആരോപിച്ചത്. കാഷ്വാലിറ്റിയിൽ അടക്കം തെരച്ചിൽ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ബന്ധുക്കൾ പരാതി ഉന്നയിക്കുകയായിരുന്നു.