സംസ്ഥാനത്ത് 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെ എസ് ഇ ബിയുടെ വിതരണ മേഖലയില്‍ ഏകദേശം 210.51 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെ എസ് ഇ ബി.നിലവിലെ കണക്കുകള്‍ പ്രകാരം 3,753 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 29,069 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നുവെന്നും കെ എസ് ഇ ബി അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കെ എസ് ഇ ബി ഇക്കാര്യം അറിയിച്ചത്.കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:സംസ്ഥാനത്ത് 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിയുടെ വിതരണ മേഖലയില്‍ ഏകദേശം 210.51 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. നിലവിലെ കണക്കുകള്‍ പ്രകാരം 3,753 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 29,069 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 3,381 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകള്‍ക്കും, 79,522 സ്ഥലങ്ങളില്‍ ലോ ടെന്‍ഷന്‍ ലൈനുകള്‍ക്കും തകരാര്‍ സംഭവിച്ചു. വിതരണമേഖലയിലെ 58,036 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാടുകളുണ്ടായി. 164 ട്രാന്‍സ്‌ഫോര്‍മറുകള്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. 91,90,731 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സമുണ്ടായി.











