ആരാധകർ കാത്തിരുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്ത് വിട്ടു. ‘തുടരും’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന തന്റെ പുതിയ പ്രോജക്ടിന്റെ ടൈറ്റിൽ അഭിമാനത്തോടെ അനാവരണം ചെയ്യുന്നു എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.സ്‌കൂള്‍ വിട്ട് വരുന്ന കുട്ടിക്കൂട്ടത്തിനൊപ്പം കളിക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററിൽ കാണാം. ഷര്‍ട്ടും മുണ്ടും ധരിച്ച് നാടന്‍ ലുക്കിലാണ് മോമോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. വലിയ ഇടവേളക്കു ശേഷമാണ് ഒരു റിയലിസ്റ്റിക് നാടൻ കഥാപാത്രവുമായി മോഹൻലാൽ ബിഗ് സ്ക്രീനിലെത്തുന്നത്. മലയാളത്തിന്‍റെ എവർഗ്രീൻ കോംബോയായ മോഹൻലാൽ-ശോഭന താരജോഡികൾ 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തുടരും’. മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത സിനിമയായിരിക്കും ഇതെന്നാണ് നിർമാതാവ് എം രഞ്ജിത്ത് പറയുന്നത്.രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. കെആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. നിഷാദ് യൂസുഫ്, ഷെഫീഖ് വിബി എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.