മലപ്പുറം: മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ആരോപണം. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ-നവാസ് ദമ്പതികളുടെ മകൻ എസൻ അർഹനാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ആരോഗ്യവകുപ്പും പോലീസും പരിശോധിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് കോട്ടക്കലിൽ കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ച് കുഞ്ഞ് മരിച്ചത്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞു വീണു മരിച്ചുവെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഇന്ന് രാവിലെ കുട്ടിയുടെ കബറടക്കവും നടത്തി. തൊട്ടുപിന്നാലെ കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. പരാതിയുടെ പശ്ചാത്തലത്തിൽ കുട്ടിയുടെ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തേണ്ടിവരും. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ അറീറ, അശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. വീട്ടിൽ വച്ചാണ് ഇവർ കുട്ടിയെ പ്രസവിച്ചത്, ശേഷം യാതൊരു വിധത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകളും കുട്ടിക്ക് നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.