ന്യൂഡൽഹി: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ ചുമതലകളിൽ കൂടുതൽ ശ്രദ്ധിക്കാൻ ഓർമിപ്പിച്ച് ബിജെപി. ചുമതലകളിൽ കൂടുതൽ ശ്രദ്ധിക്കാൻ സുരേഷ് ഗോപിയോട് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. 4 ദിവസം ഡൽഹിയിലും 2 ദിവസം മണ്ഡലത്തിലും ഉണ്ടാകണമെന്നാണ് വ്യവസ്ഥ. സിനിമയിൽ അഭിനയിക്കുന്ന കാര്യത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി മുന്നോട്ടുപോകണമെന്നും ആവശ്യമുണ്ട്. സുരേഷ് ഗോപി ഉന്നയിച്ച സംഘടനാപരമായ പരാതികൾ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി പരിശോധിക്കും.അതേസമയം, ‘ഒറ്റക്കൊമ്പൻ’ എന്ന് പേരിട്ടിരുന്ന തന്റെ 250-ാം ചിത്രം ഉപേക്ഷിച്ചെന്ന വാർത്തകൾ തള്ളി സുരേഷ് ഗോപി രംഗത്തെത്തി. ഊഹാപോഹങ്ങൾക്ക് സ്ഥാനമില്ലെന്നും എസ് ജി 250, 2025 ൽ എത്തുമെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രം 2025 ല്‍ വരുമെന്ന് പ്രഖ്യാപിച്ചത്.കഴിഞ്ഞ കുറച്ച് നാളുകളായി, ഒറ്റക്കൊമ്പന് വേണ്ടി താടി വളർത്തിയ ലുക്കിലായിരുന്നു സുരേഷ് ഗോപിയുണ്ടായിരുന്നത്. എന്നാല്‍ സുരേഷ് ഗോപിയുടെ താടി വടിച്ച ലുക്കിലുള്ള ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ എസ് ജി 250 ഉപേക്ഷിച്ചെന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും ആരംഭിച്ചിരുന്നു.കേന്ദ്രമന്ത്രിയായതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ചില തടസങ്ങള്‍ നടന്‍ നേരിടുണ്ടെന്ന് നേരത്തെ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഒറ്റക്കൊമ്പൻ ഉപേക്ഷിച്ചെന്ന പ്രചാരണങ്ങള്‍ ശക്തമായത്. എന്നാല്‍ ഇത്തരം വാർത്തകളെ തള്ളിക്കൊണ്ടാണ് പുതിയ പോസ്റ്റർ പുറത്തുവന്നത്.