കൊച്ചി: തന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി ബിജെപി സിന്‍ഡിക്കേറ്റ് അംഗം നല്‍കിയ പരാതിയില്‍ പ്രതികരണവുമായി ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍. പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ തന്റെ പാട്ട് കേള്‍ക്കുമെന്നും തന്റെ പണി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും വേടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.താന്‍ പറഞ്ഞിട്ടൊന്നുമല്ല പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നും വേടന്‍ പറഞ്ഞു. താന്‍ മരിക്കുന്നതിന് മുന്‍പ് തന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠനവിഷയമാകണമെന്ന് ആഗ്രഹിച്ചിരുന്നു. സിലബസില്‍ തന്റെ പാട്ട് ഉള്‍പ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു. സര്‍വ്വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും തന്റെ പാട്ട് കേള്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലത്ത് തന്റെ പാട്ടുണ്ടെന്നും വേടന്‍ പറഞ്ഞു.തന്റെ നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം പരാതിയെന്നും വേടന്‍ പറഞ്ഞു. പലര്‍ക്കും പറയാന്‍ പറ്റാത്ത കാര്യമാണ് താന്‍ വന്നു പറയുന്നത്. പരാതിയുടെ പേരിലൊന്നും തന്‍റെ പണി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല. അത് തീര്‍ക്കുമ്പോള്‍ തനിക്ക് ഉറക്കം വരുന്നുണ്ട്. താന്‍ തന്റെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുമെന്നും വേടന്‍ പറഞ്ഞു.വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജാണ് വൈസ് ചാന്‍സലര്‍ പി രവീന്ദ്രന് കത്തുനല്‍കിയത്. വേടന്‍ ലഹരിവസ്തുക്കളും, പുലിപ്പല്ലും കൈവശം വെച്ചതിന് അറസ്റ്റിലായ വ്യക്തിയാണെന്ന് ബിജെപി അംഗം കത്തില്‍ ചൂണ്ടിക്കാട്ടി. വേടന്റെ പല വീഡിയോകളും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതാണ്. വേടന്‍ ജീവിതത്തില്‍ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികള്‍ പകര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ പ്രേരിപ്പിക്കപ്പെടും. കലയിലും പഠനത്തിലുമൊക്കെ മഹത്തായ പാത സൃഷ്ടിച്ചിട്ടുള്ള ഭാരതീയ സംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി ഹിരണ്‍ ദാസിന്റെ പാട്ടുകളിലും നിലപാടുകളിലും പ്രകടമാണ് എന്നതും അപകടകരമായ സാഹചര്യമാണ്. എന്നിരിക്കെ, ഇയാളുടെ രചന പഠിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തയ്യാറാകുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് പകരുമെന്നുറപ്പാണ്. അത്യന്തം ഖേദകരമായ തീരുമാനം പിന്‍വലിക്കണമെന്നും വേടന്റെ രചനകള്‍ക്കു പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ കാമ്പുറ്റ രചനകള്‍ പാഠഭാഗമാക്കണമെന്നും അനുരാജ് ആവശ്യപ്പെട്ടിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലയിലെ ബി എ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന റാപ്പ് ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.വിദ്യാര്‍ത്ഥികള്‍ തന്നെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വേടന്‍ പ്രതികരിച്ചിരുന്നു. ‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതില്‍ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ വേടൻ പറഞ്ഞിരുന്നു.