ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണനയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിൽ 50 ബേസിസ് പോയിന്റുകളുടെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനത്തിലെത്തി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് തീരുമാനം പ്രഖ്യാപിച്ചത്. ജൂൺ നാലിന് ആരംഭിച്ച പണ നയ അവലോകന യോഗത്തിന് ശേഷമാണ് ഇന്ന് പ്രഖ്യാപനങ്ങളുണ്ടായത്. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, കാർഷിക വായ്പ, സ്വർണപ്പണയ വായ്പ എന്നിവയുടെയെല്ലാം പലിശനിരക്ക് കുറയാൻ സഹായിക്കുന്നതാണ് പുതിയ തീരുമാനം.സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് 5.25 ശതമാനം, മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ് 5.75 ശതമാനം എന്നിങ്ങനെയാണ്. നടപ്പ് സാമ്പത്തിക വർഷത്തെ റിയൽ ജിഡിപി പ്രൊജക്ഷൻ 6.5 ശതമാനം എന്ന നിലയിൽ മാറ്റമില്ലാതെ നില നിർത്തി. വിപണിയിൽ പണ ലഭ്യത ഉറപ്പാക്കുന്നതിനായി കരുതൽ ധന അനുപാതം ഒരു ശതമാനം കുറച്ചിട്ടുണ്ട്. നിലവിലെ നാല് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായിട്ടാണ് താഴ്ത്തിയത്. നാല് ഘട്ടമായിട്ടാണ് ഇത് നടപ്പാക്കുക.ഇക്കഴിഞ്ഞ ഏപ്രിലിൽ, നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പണ നയം പലിശ നിരക്കുകളിൽ 25 ബേസിസ് പോയിന്റുകളുടെ കുറവ് വരുത്തിയിരുന്നു. ഇത്തവണയും ആർബിഐ 25 ബേസിസ് പോയിന്റുകളുടെ കുറവ് വരുത്തുമെന്നായിരുന്നു വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി മുതൽ മൂന്ന് തവണയായി പലിശ നിരക്കുകളിൽ 1 ശതമാനം കുറവാണ് ആർബിഐ വരുത്തിയിരിക്കുന്നത്.റിപ്പോ നിരക്ക് കുറച്ചത് ഭവനവായ്പ ഇഎംഐയെ എങ്ങനെ ബാധിക്കുംഉദാഹരണം: 8.70% പലിശ നിരക്കിൽ 30 വർഷത്തത്തെ കാലയളവിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ ഭവനവായ്പ.നിലവിലെ ഇഎംഐ: 39,136 രൂപപലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറഞ്ഞ് 8.20% ആയിപുതിയ ഇഎംഐ: 37,346 രൂപപ്രതിമാസ സമ്പാദ്യം: 1,790 രൂപവാർഷിക സമ്പാദ്യം: 21,480 രൂപ30 വർഷത്തെ കാലയളവിൽ, ചെറിയ പ്രതിമാസ സമ്പാദ്യം പോലും ലക്ഷക്കണക്കിന് രൂപയായി മാറുന്നു. പ്രതിമാസം 900–1,800 രൂപ ഇപ്പോൾ വലിയതായി തോന്നില്ലെങ്കിലും, അത് യഥാർത്ഥ ദീർഘകാല സാമ്പത്തിക ആശ്വാസം നൽകുന്നു.വ്യക്തിഗത വായ്പ ഇഎംഐയെ എങ്ങനെ ബാധിക്കുംഉദാഹരണം: 5 വർഷത്തേക്ക് 12% നിരക്കിൽ 5 ലക്ഷം രൂപ വ്യക്തിഗത വായ്പനിലവിലെ EMI: 11,122 രൂപപലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറഞ്ഞ് 11.50% ആയിപുതിയ EMI: 10,963 രൂപപ്രതിമാസ സമ്പാദ്യം: 159 രൂപവാർഷിക സമ്പാദ്യം: 1,908 രൂപഇവ ഏകദേശ കണക്കുകളാണ്, EMI-കളിലെ അന്തിമ സമ്പാദ്യം EMI വായ്പ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വ്യക്തിഗത ബാങ്ക് തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.രാജ്യത്ത് പണപ്പെരുപ്പം സ്ഥിരതയോടെ കുറയുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ നടപടി. സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റീടെയിൽ പണപ്പെരുപ്പം 3.16 ശതമാനം എന്ന തോതിലാണ്. തൊട്ടു മുമ്പത്തെ മാർച്ചിൽ ഇത് 3.34 ശതമാനം എന്ന നിലയിലായിരുന്നു.