ബംഗളൂരു: ഐപിഎൽ കിരീടം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11പേർ മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ആർസിബി മാർക്കറ്റിംഗ് ഉദ്യോഗസ്ഥൻ നിഖിൽ സൊസലെയും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎൻഎ എന്റർടെയ്‌ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനിൽ മാത്യു, കിരൺ, സുമന്ത് എന്നിവരുമാണ് പിടിയിലായത്.ഇന്ന് രാവിലെ 6.30ഓടെ മുംബയിലേക്ക് പോകാനായി ബംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നിഖിൽ അറസ്റ്റിലായത്. ആർസിബിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കൈകാര്യം ചെയ്‌തിരുന്നത് നിഖിലാണ്. കൊലപാതകത്തിന് തുല്യമായ നരഹത്യ ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.ആർസിബി ടീമിന്റെയും ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെയും (കെഎസ്‌സിഎ) പ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അക്ഷയ്‌യുടെ നേതൃത്വത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ നാലുപേർ പിടിയിലായിരിക്കുന്നത്. ഇവരെ ഇന്നുതന്നെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറാനാണ് സാദ്ധ്യത. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി ശങ്കർ, ട്രഷറർ ജയറാം എന്നിവർ ഒളിവിലാണ്. അവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.ബുധനാഴ്ച ഐപിഎൽ 2025 ഫൈനലിൽ കിരീടം നേടിയ ആർസിബി കളിക്കാർക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറ് വയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ രണ്ട് ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.ആർസിബി ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കും തിരക്കുമുണ്ടായത്. വൻ ആളപായമുണ്ടായെന്ന് ബോദ്ധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടർന്നു. മന്ത്രിമാർ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു. കർണാടക ക്രിക്കറ്റ് അസോസിയേഷനും കർണാടക സർക്കാരുമാണ് സ്വീകരണം ഒരുക്കിയത്. പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പ് മറികടന്നാണ് പരിപാടി നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.











