കോഴിക്കോട്: മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. തലപ്പാറ വലിയപറമ്പിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. ഓവുപാലം താഴുകയും ചെയ്തിട്ടുണ്ട്. ഇതിനേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. മലപ്പുറം ജില്ലയിലെ തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് സംഭവമുണ്ടായത്. ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള ഓവുപാലം അപകടകരമായ രീതിയില്‍ താഴ്ന്നിട്ടുമുണ്ട്. ഇതോടെ ദേശീയപാതയിൽ സുരക്ഷാഭീഷണി ഉയർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. നേരത്തെ ദേശീയപാത തകർന്നുവീണ കൂരിയാടുനിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോൾ വിള്ളൽ കണ്ടെത്തിയ ഭാഗം. മേയ് 19-ന് കൂരിയാട് ദേശീയപാതയുടെ ഭാഗം ഇടിഞ്ഞുതാണിരുന്നു. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു.










