ഒൻപതു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മുത്തശ്ശിയുടെ കാമുകനായ പ്രതിക്ക് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും.തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പ്രതിയെ ഇതേ കുട്ടിയുടെ അനുജത്തിയായ ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞയാഴ്ച ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഒരേ പ്രതിക്ക് രണ്ട് കേസുകളിൽ ഇരട്ട ജീവപര്യന്തം കിട്ടുന്നത് അപൂർവമാണ്.
പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽക്കണം. ഇത് കൂടാതെ പതിനാല് വർഷം കഠിനതടവും അനുഭവിക്കണം. കേസിൽ മൊഴി പറഞ്ഞാൽ തനിക്ക് നാണക്കേടാണെന്ന് അച്ഛൻ കുട്ടിയോട് പറഞ്ഞെങ്കിലും കുട്ടി പ്രതിക്കെതിരായി മൊഴി പറഞ്ഞു.
2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്കായിരുന്നു. അമ്മൂമ്മയേയും ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് ഇവർ പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തത്.ഈ സമയങ്ങളിൽ അമ്മൂമ്മ പുറത്തുപോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്. ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി
കുട്ടികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും കുട്ടികളുടെ മുന്നിൽ വെച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തിൽ കുട്ടികളുടെ രഹസ്യഭാഗത്ത് മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്പോൾ കുട്ടികൾ പൊട്ടിക്കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാൽ ആരും കേട്ടില്ല. ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയൽവാസി കണ്ടതാണ് സംഭവം പുറത്തറിയാൻ ഇടയായത്. കുട്ടികൾ നിലവിൽ ഷെൽട്ടർ ഹോമിലാണ് താമസിക്കുന്നത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 20സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. മംഗലപുരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ എ. അൻസാരി, കെ. പി. തോംസൺ, എച്ച്. എൽ. സജീഷ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.