സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട്, സ്വയം പുകഴ്ത്തല്‍ റിപ്പോര്‍ട്ടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ അവകാശവാദം ദേശീയപാതാ നിര്‍മാണമാണ്. റിപ്പോര്‍ട്ട് അച്ചടിച്ചതിനുശേഷമാണ് പാതയില്‍ വിള്ളല്‍ വീണത്. അടുത്ത മഴയില്‍ ഇനിയും വിള്ളല്‍ വീഴും. ക്രെഡിറ്റെടുക്കാന്‍ നിന്നവരെ ഇപ്പോള്‍ കാണാനില്ല. റീല്‍സെടുക്കുന്നവര്‍ വിള്ളല്‍ വീണ സ്ഥലത്ത് പോയി എടുത്താല്‍ നന്നായിരിക്കുമെന്നും സതീശന്‍ പരിഹസിച്ചു. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.സര്‍ക്കാര്‍ എന്തു ചെയ്തില്ല എന്നതാണ് റിപ്പോര്‍ട്ടിലെ വിവിധ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്ന യാഥാര്‍ഥ്യമെന്നും സതീശൻ പരിഹസിച്ചു. തകര്‍ന്നുവീഴുന്നതിന് മുന്‍പ് തയ്യാറാക്കിയതായതിനാല്‍, റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ അവകാശവാദം ദേശീയപാതയാണ്. ഹൈവേ പൊളിഞ്ഞുപോകുന്നതുപോലെ സര്‍ക്കാരിന്റെ അവകാശവാദങ്ങളും നിലംപതിച്ചുകൊണ്ടിരിക്കുന്നു. നൂറിലധികം സ്ഥലത്ത് ഇപ്പോള്‍ത്തന്നെ വിള്ളലുണ്ട്. അടുത്ത മഴയില്‍ വീണ്ടും വിള്ളല്‍ വരും. ഞങ്ങളുടേതാണ് ഈ റോഡെന്നായിരുന്നു സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് അവകാശപ്പെട്ടിരുന്നത്. വിള്ളല്‍ വീണപ്പോള്‍ ഒരവകാശവാദവുമില്ല. റീല്‍സെടുക്കുന്നവര്‍ വിള്ളല്‍ വീണ സ്ഥലത്ത് പോയി എടുത്താല്‍ നന്നായിരിക്കുമെന്നും സതീശന്‍ പറഞ്ഞു.പാലാരിവട്ടം പാലം തകര്‍ന്നുവീണിട്ടില്ലെന്നും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് മാത്രമാണ് അക്കാര്യത്തില്‍ ഉണ്ടായിരുന്നതെന്നും ആരോപണങ്ങള്‍ക്ക് സതീശന്‍ മറുപടി പറഞ്ഞു. അന്നത്തെ മന്ത്രിക്കെതിരേ കേസെടുത്തവര്‍ക്ക് ഇപ്പോള്‍ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 28,000 കോവിഡ് മരണം സര്‍ക്കാര്‍ മറച്ചുവെച്ചു. കടക്കെണി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പണം ഉണ്ടെങ്കില്‍ ആശുപത്രിയില്‍ മരുന്ന് കൊണ്ടുവരാനുള്ള സംവിധാനമുണ്ടാക്കണം. കെഎംഎസ്‌സിഎല്ലിന് പണം നല്‍കാത്തതുകൊണ്ടാണ് മരുന്നില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.വികസനകാര്യങ്ങളില്‍ എട്ടുകാലി മമ്മൂഞ്ഞാണ് ഇടതുസര്‍ക്കാര്‍. തങ്ങള്‍ ഒരു പദ്ധതിയെ മാത്രമേ എതിര്‍ത്തിട്ടുള്ളൂ. അത് കെ-റെയില്‍ മാത്രമാണ്. കെ-റെയില്‍ വന്നാല്‍ കേരളത്തില്‍ പാരിസ്ഥിതിക ദുരന്തമുണ്ടാകും. അതിനാലാണ് തങ്ങള്‍ എതിര്‍ത്തതെന്നും സതീശന്‍ പറഞ്ഞു.