ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപയോക്താക്കൾക്കായി വീണ്ടും പ്രീപേയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാക്കാനാണ് ജിയോ പഴയ പ്ലാനിനെ പൊടിത്തട്ടിയെടുത്തിരിക്കുന്നത്. പ്രതിമാസം വെറും 189 രൂപ മാത്രം ചെലവാകുന്ന തരത്തിലുളള പ്ലാനാണിത്. വല്ലപ്പോഴും ഡാറ്റ ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ ഒരു പ്ലാൻ കൂടിയാണിത്. ഇതിനുമുമ്പും ജിയോ ഈ പ്ലാൻ അവതരിപ്പിച്ചിരുന്നു. എന്നാൽ പെട്ടെന്നൊരു അറിയിപ്പില്ലാതെ ഈ പ്ലാൻ പിൻവലിക്കുകയും ചെയ്തു.28 ദിവസത്തെ കാലാവധിയുളള ഈ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളും പ്രതിമാസം 300 എസ്എംഎസും വരുന്നു. എന്നാൽ ഇതിൽ രണ്ട് ജിബി ഡാറ്റ മാത്രമേയുളളൂ. വീടുകളിലും ഓഫീസുകളിലും തുടർച്ചയായി വൈഫൈ ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ കൂടുതൽ അനുയോജ്യമായിരിക്കും. ഡാറ്റ വീണ്ടും ആവശ്യമാണെങ്കിൽ നിങ്ങൾക്ക് ചെറിയ ബൂസ്റ്റർ പ്ലാനുകൾ ഉപയോഗിക്കാവുന്നതാണ്. രണ്ട് ജിബി പരിധിക്കുശേഷം 64 കെബിപിഎസ് പരിധിയിൽ ഡാറ്റ ഉപയോഗിക്കാനും സാധിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവ സൗജന്യമായി ലഭിക്കും.നിലവിൽ പ്രതിദിനം ഒരു ജിബി, രണ്ട് ജിബി എന്നീ ഡാറ്റകൾ ലഭിക്കുന്നതിനായുളള പ്ലാനുകൾക്ക് ഉപയോക്താക്കൾക്ക് വലിയ തുക ചെലവഴിക്കേണ്ടി വരും. അതായത് ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 6.75 രൂപ മാത്രമാണ്. 199 രൂപയുടെ മറ്റൊരു പ്ലാനും ജിയോക്കുണ്ട്. ഇതിന്റെ കാലാവധി 18 ദിവസമാണ്. പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.