സഹോദരിയെ മർദ്ദിച്ച യൂട്യൂബ് വ്ലോഗർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. മണ്ണഞ്ചേരി സ്വദേശിയായ ഗ്രീൻഹൗസ് രോഹിത്തിനെതിരെയാണ് (27) ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തിരിക്കുന്നത്.ഗ്രീൻ ഹൗസ് ക്ലീനിംഗ് സർവീസ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് രോഹിത്ത്. ‘പ്രശ്‌നേഷ്’ എന്നറിയപ്പെടുന്ന ഇയാൾ സഹോദരിയായ റോഷ്‌നിക്ക് അച്ഛൻ നൽകിയ സ്വർണാഭരണങ്ങൾ വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. കേസെടുത്തതിന് പിന്നാലെ പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് രോഹിത്ത്.
‘കുറേപ്പേർ ചോദിക്കുന്നുണ്ട്, അണ്ണാ എപ്പോഴാ ജയിലിലേക്ക് പോകുന്നതെന്ന്. എനിക്കും അറിയത്തില്ല, പോകാൻ വിളി വരുമ്പോൾ നെഞ്ചുംവിരിച്ച് തന്നെ പോകാം. ആണുങ്ങൾക്കുള്ളതാണ് ജയിലെന്നൊക്കെ പറഞ്ഞുകൊണ്ട് അങ്ങട് പോകാം. രണ്ട് ദിവസം തുടർച്ചയായി വനിതാ സെല്ലിൽ പോയിട്ടുണ്ടായിരുന്നു. അവർ അവിടെവച്ച് രണ്ടുകൂട്ടരോടും കാര്യങ്ങളൊക്കെ ചോദിച്ച്, സംസാരിച്ചു. രണ്ട് കൂട്ടർക്കും പരിഹരിക്കാൻ ഉദ്ദേശമില്ലാത്തതുകൊണ്ട്, അവർക്ക് ഇത് കേസാക്കണമെന്ന ഉദ്ദേശം ഉള്ളതുകൊണ്ട് കേസാക്കിത്തന്നെ പോകാനെ പറ്റുള്ളൂ. അതിന്റെ നിയമനടപടികൾ തുടങ്ങുകയാണെന്ന് പറഞ്ഞാണ് വിട്ടത്. ഇപ്പോൾ വീട്ടിലാണ് കേട്ടോ, ജയിലിനകത്തല്ല. ജയിലിലാകുമ്പോൾ ഞാൻ എങ്ങനെയെങ്കിലുമൊക്കെ അറിയിക്കാം.’- രോഹിത്ത് പറഞ്ഞു.
അമ്മയേയും സഹോദരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ യൂട്യൂബ് ചാനൽ വഴിയും മറ്റ് സോഷ്യൽ മീഡിയ വഴിയും രോഹിത്ത് പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു.