മുവാറ്റുപുഴ: സഹപ്രവർത്തകരായ അധ്യാപകരുടെ പിഎഫ് അക്കൗണ്ടിൽനിന്നും പണം തട്ടിയെടുത്ത കേസിൽ മുൻ ഹെഡ് മാസ്റ്റർക്ക് ആറ് വർഷം കഠിന തടവും 9 ലക്ഷം രൂപ പിഴയും. ഇടുക്കി പൈനാവ് യുപി സ്കൂളിലെ പ്രധാനാധ്യാപകൻ ആയിരുന്ന സോമശേഖര പിള്ളയ്ക്ക് (62) ആണ് ശിക്ഷ ലഭിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് സോമശേഖര പിള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്‌ജ് (വിജിലൻസ്) എൻ വി രാജു ആണ് വിധി പ്രസ്താവിച്ചത്.2006-2007 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അക്കാലത്ത് പൈനാവ് യുപി സ്കൂളിൽ ഹെഡ് മാസ്റ്റർ ആയിരുന്ന സോമശേഖര പിള്ള സഹപ്രവർത്തകരായ 8 അധ്യാപകരുടെ പിഎഫ് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു . അധ്യാപകർ അറിയാതെ പണം പിൻവലിക്കുന്നതിനായി പ്രതി ഇവരുടെ പേരിൽ കൃത്രിമ അപേക്ഷകൾ നിർമ്മിച്ചു. തുടർന്ന് വ്യാജ അപേക്ഷകളിലൂടെ 5,25,346 രൂപ പിൻവലിച്ചെന്നാണ് കേസ്. 2007- ൽ വിജിലൻസ് ഇടുക്കി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സരിത വി എ ഹാജരായി.