മുംബൈ: സ്‌കോച്ച് വിസ്‌കി പ്രേമികൾക്ക് സന്തോഷ വാർത്ത. രാജ്യത്ത് വരും മാസങ്ങളിൽ സ്‌കോച്ച് വിസ്‌കിയുടെ വിലയിൽ കുറവ് സംഭവിക്കും. വിവിധ കമ്പനികളുടെ സ്‌കോച്ച് വിസ്‌കികളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതാണ് വില കുറയാൻ കാരണം. ഇതുമായി ബന്ധപ്പെട്ട് യുകെയുമായുള്ള ഫ്രീ ട്രേഡ് കരാറിൽ ഇന്ത്യ ഒപ്പിട്ടു. നിലവിൽ സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കിയുടെ തീരുവ 150 ശതമാനമായിരുന്നു.
ഇപ്പോൾ പുതിയ കരാർ ഒപ്പിട്ടതോടെ ഇത് 75 ശതമാനമായും പിന്നീട് 40 ശതമാനമായും കുറയും.നികുതിയിൽ വലിയ കുറവ് സംഭവിക്കുന്നതോടെ വിലയും കുറയും. നികുതിയിൽ ഉണ്ടാകുന്ന കുറവ് വിലയിൽ മാറ്റമുണ്ടാക്കി ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. തീരുവ കുറയുന്നതോടെ 5000 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്ന മദ്യത്തിന് 3500 മുതൽ 4000 രൂപ വരെ നൽകിയാൽ മതിയാവും. വരും വർഷങ്ങളിൽ വില ഇതിനേക്കാൾ കുറയുമെന്നാണ് കരുതുന്നത്.ഇന്ത്യയിലേക്കുള്ള നികുതിയിൽ കുറവ് സംഭവിക്കുന്നതോടെ വരും വർഷങ്ങളിൽ വിസ്‌കിയുടെ ഇറക്കുമതി വർദ്ധിക്കും.
യുകെയിൽ നിന്നുള്ള കൂടുതൽ ബ്രാൻഡുകൾ ഇന്ത്യയിലേക്ക് വരുന്നതിന് കാരണമാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലേക്കുള്ള വിസ്‌കിയുടെ ഇറക്കുമതി ഒരു ബില്യൺ കടക്കുമെന്നും യുകെയിൽ 1200ഓളം തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുമെന്നും സ്‌കോച്ച് വിസ്‌കി അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് കെന്റ് പറഞ്ഞു.അതേസമയം, പുതിയ കരാർ യുകെ കമ്പനികൾക്ക് നേട്ടമുണ്ടാക്കുമെങ്കിലും ഇന്ത്യൻ മദ്യ കമ്പനികൾക്ക് ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. ഇന്ത്യൻ വിപണിയെ ഇറക്കുമതി മദ്യം കീഴടക്കുമെന്ന ആശങ്കയാണ് പലർക്കുമുള്ളത്. വലിയ വിലക്കുറവിൽ വിസ്‌കി ലഭിച്ചാൽ ആരും ഇന്ത്യൻ ബ്രാൻഡുകൾക്ക് പിന്നാലെ വരില്ലെന്നാണ് ആശങ്ക. സർക്കാർ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് ഇന്ത്യൻ മദ്യ നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്.