തിരുവനന്തപുരം: അപകീര്‍ത്തികേസില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
മാഹി സ്വദേശി നല്‍കിയ അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിസംബര്‍ 23 നാണ് താന്‍ എഡിറ്ററായ ‘മറുനാടന്‍ മലയാളി’ യൂട്യൂബ് ചാനല്‍ വഴി ഷാജന്‍ സ്‌കറിയ പരാതിക്കാസ്പദമായ വീഡിയോ പുറത്തുവിട്ടത്. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പിന്നീട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഈ പരാതിയിന്മേലാണ് നടപടി.
കളവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്ത് സമൂഹത്തിന് മുന്നില്‍ മോശം സ്ത്രീയായി ചിത്രീകരിച്ചെന്നും തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. വീഡിയോ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും ജോലി സ്ഥലത്തും തനിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.







