ഓരോ ദിവസവും സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന നിരവധി തട്ടിപ്പുകളുടെ വാർത്തകൾ കാണാറുള്ളവരാണ് നമ്മൾ. സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ഇതുപോലുള്ള തട്ടിപ്പുകളും അനുദിനം വർധിച്ചു വരികയാണ്. ഇത്തരം തട്ടിപ്പുകളെ തടയാൻ പുതിയ സുരക്ഷാ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ട്രൂകോളർ. ട്രൂകോളർ ആപ്പിലെ പുതിയ ഇന്‍ററാക്‌ടീവ് വിഭാഗമായ സ്‌കാംഫീഡ് ഫീച്ചറിലൂടെ ഇനി തട്ടിപ്പുകൾ തിരിച്ചറിയാനാകും .ആളുകൾക്ക് അവരുടെ നമ്പറിലേക്ക് സംശയം തോന്നിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ റിപ്പോർട്ട് ചെയ്യാൻ സ്‌കാംഫീഡ് ഫീച്ചറിലൂടെ സാധിക്കും. ഇത്തരത്തിൽ മറ്റുള്ളവർ റിപ്പോർട്ട് ചെയ്‌തത് കാണാനും, ഇന്‍ററാക്‌ടീവ് വിഭാഗം കമ്മ്യൂണിറ്റിയിൽ നൽകിയിരിക്കുന്ന ഉപദേശം വായിക്കാനും കഴിയും.ഒടിപി തട്ടിപ്പ്, വ്യാജ ജോലി ഓഫറുകൾ, യുപിഐ തട്ടിപ്പുകൾ, പ്രണയ തട്ടിപ്പുകൾ, ഫിഷിങ് തുടങ്ങിയ എല്ലാ തട്ടിപ്പ് കേസുകളും ട്രൂകോളറിന്‍റെ സ്‌കാംഫീഡ് ഫീച്ചറിൽ ഉപഭോക്താക്കൾക്ക് പങ്കിടാം. ഉപയോക്താവ് തന്നെ സൃഷ്‌ടിക്കുന്ന ഒരു തത്സമയ അലേർട്ട് സംവിധാനമായിരിക്കും ഈ ഫീച്ചർ. സാധ്യമായ തട്ടിപ്പുകളെക്കുറിച്ച് കമ്മ്യൂണിറ്റിയിലെ മറ്റുള്ളവർക്കും മുന്നറിയിപ്പ് നൽകാൻ ഇതുവഴി അവർക്ക് സാധിക്കും.മൊബൈൽ ഉപയോക്താക്കൾക്ക് വർഷംതോറും കോടിക്കണക്കിന് സ്‌പാം കോളുകളാണ് വരുന്നത്. സ്‌പാം കോളുകളെ തടയാനായി കോൾ ബ്ലോക്കിങ് സാങ്കേതികവിദ്യയുണ്ടെങ്കിലും ഇതിൽ നിന്നൊന്നും തന്നെ ഉപയോക്താക്കൾക്ക് വലിയ പ്രയോജനം ലഭിക്കുന്നില്ല.