ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമ മികച്ച പ്രകടനം കാഴ്ചവച്ച് തിയറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും പ്രശംസിച്ച് നിരവധി പേർ എത്തുന്നുണ്ട്. അക്കൂട്ടത്തിലൊരാളാണ് അഭിനയ. പണിയിൽ നായികയായി എത്തിയ അഭിനയ്ക്ക് ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ല. എന്നിരുന്നാലും കുറവുകൾ ലക്ഷ്യത്തിന് തടസ്സമല്ലെന്ന് തെളിയിച്ച് മുന്നേറുന്ന അഭിനയ, സിനിമയിൽ എത്തിയിട്ട് പതിനഞ്ച് വർഷങ്ങൾ പൂർത്തിയായി കഴിഞ്ഞു.
നാടോടികൾ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബിഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം അഭിനയിച്ച് തീർത്ത് 58 ചിത്രങ്ങൾ. കുട്ടിക്കാലം മുതൽ അഭിനയയ്ക്ക് അഭിനയത്തോട് താല്പര്യമുണ്ടായിരുന്നുവെന്ന് ജോജു ജോർജ് പ്രസ്മീറ്റിനിടയിൽ പറഞ്ഞിരുന്നു. അച്ഛനാണ് അഭിനയയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങിയതെന്നും ഇദ്ദേഹം പറഞ്ഞു.
ചെറുപ്പത്തിൽ അച്ഛൻ ബൈക്കിലിരുത്തി അഭിനയയെ സ്കൂളിൽ കൊണ്ടുപോകും. സംസാരിക്കാനും കേൾക്കാനും കഴിയില്ലെങ്കിലും കുട്ടി ഭയങ്കര സുന്ദരി ആയിരുന്നു. ബൈക്കിൽ പോകുമ്പോൾ ഐശ്വര്യ റായിയുടെ ഫോട്ടോയെ ചൂണ്ടിക്കാണിക്കും. ഇത് സ്ഥിരം സംഭവമായി. കാലം കടന്നുപോയി. അങ്ങനെ ഒരു ആഡ് ഷൂട്ടിന് വേണ്ടി കുറച്ച് മോഡൽസിന്റെ ഫോട്ടോസ് കൊടുത്തു. ഇതിൽ നിന്നും അഭിനയയുടെ ഫോട്ടോ മാറ്റിവച്ചു. അപ്പുറത്ത് നിന്ന് ഇതെല്ലാം അച്ഛൻ കാണുന്നുണ്ടായിരുന്നു. പരസ്യത്തിന്റെ സംവിധായകൻ പാർക്കിങ്ങിലേക്ക് പോയപ്പോൾ അച്ഛനും കൂടെപ്പോയി. മോളേ അഭിനയിപ്പിക്കുമോ എന്നെല്ലാം ചോദിച്ചു. എന്റെ മോൾക്ക് ഒത്തിരി ആഗ്രഹമാണ് അവളത് ചെയ്യും. കുഞ്ഞിന് സംസാരിക്കാനും കേൾക്കാനും സാധിക്കില്ലെന്നും അവരോട് അച്ഛൻ പറയുന്നുണ്ട്. നടക്കില്ല എന്ന് പറയേണ്ടിടത്ത് സംവിധായകൻ ആ ഫോട്ടോ വാങ്ങിച്ചു. എറണാകുളത്ത് സമുദ്രക്കനിയും ശശി കുമാർ സാറും വരുന്ന സമയത്ത് ഈ ഫോട്ടോ കാണിച്ചു. അങ്ങനെയാണ് നാടോടികൾ എന്ന സിനിമയിൽ വരുന്നത്”, എന്നായിരുന്നു ജോജു പറഞ്ഞത്.
അമ്മയുമായി ഏറ്റവും അടുപ്പമുള്ള ആളാണ് അഭിനയ. ഏതാനും ആഴ്ചകൾക്ക് മുൻപ് ആയിരുന്നു അവരുടെ വിയോഗം. “അമ്മയുമായി ഞാൻ ഭയങ്കര കണക്ട് ആണ്. അമ്മയോട് എല്ലാ കാര്യങ്ങളും പറയും. ഗോസിപ്പ് അടക്കമുള്ളവ. ഇരുപത്തി അഞ്ച് ദിവസങ്ങൾക്ക് മുൻപ് എനിക്കെന്റെ അമ്മയെ നഷ്ടപ്പെട്ടു. അതിനോട് ഞാൻ പൊരുത്തപ്പെട്ട് വരുന്നതെ ഉള്ളൂ. അതെനിക്ക് അംഗീകരിക്കാൻ പറ്റിയിട്ടില്ല. എന്റെ ഒരു ശരീരത്തിലെ പകുതി ഭാഗം തളർന്ന് പോയതുപോലെയാണ്. എന്റെ എല്ലാ കാര്യങ്ങളും അമ്മയാണ് നോക്കുന്നത്. മറ്റുള്ളവർ ഉണ്ടെങ്കിലും അമ്മ എന്നത് എനിക്ക് വലിയൊരു നഷ്ടമാണ്”, എന്നായിരുന്നു റെഡ് എഫ്എമ്മിനോട് അഭിനയ അടുത്തിടെ പറഞ്ഞത്