പ്രഖ്യാപനം മുതൽ ഒരു സിനിമ ശ്രദ്ധിക്കപ്പെടുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. അതവ ശ്രദ്ധിക്കപ്പെട്ടാൽ തന്നെ നടൻ, സംവിധായകൻ, നടൻ-സംവിധായകൻ കോമ്പോ, ടൈറ്റിൽ എന്നിവയൊക്കെ ആകാം അതിന് കാരണമാവുക. പ്രഖ്യാപന ശേഷവും ആ ത്രിൽ പ്രേക്ഷക മനസിൽ മുന്നോട്ട് പോകുന്നത് അല്പരം ബുദ്ധിമുട്ടാണ്. അതിന് വേണ്ടി കൗതുകമാർന്ന പ്രമോഷൻ മെറ്റീരിയലുകളുമായി അണിയറ പ്രവർത്തകർ രംഗത്ത് എത്തും. അത്തരത്തിൽ ഓരോ നിമഷവും പ്രേക്ഷകരിൽ ആവേശവും കാത്തിരിപ്പും ഉയർത്തിയിരിക്കുകയാണ് മാർക്കോ.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മലയാളികൾക്കിടയിൽ സജീവ ചർച്ചയായി മാറി കഴിഞ്ഞു. മാസ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന മാർക്കോയുടെ ടീസറിന് ലഭിച്ച വരവേൽപ്പ് തന്നെ അതിന് തെളിവാണ്. നിലവിൽ റിലീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള മാർക്കോയുടെ തീയറ്റർ ബുക്കിങ്ങുകൾ നടന്നു കൊണ്ടിരിക്കയാണ്. ഇതിന്റെ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ.
ഇതിനോടകം 200 സ്ക്രീനുകളാണ് ലോക്കായിരിക്കുന്നത്. കേരളത്തിലെ മാത്രം കണക്കാണിത്. കൂടുതൽ സ്ക്രീനുകളിലേക്കുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കയാണ്. എന്തായാലും കേരളത്തിൽ മാസ് റിലീസിനാണ് മാർക്കോ ഒരുങ്ങുന്നതെന്ന് ഉറപ്പാണ്. 100 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയ മാർക്കോയുടെ ബജറ്റ് 30 കോടിയാണ്.
അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് മാർക്കോ ഒരുങ്ങുന്നത്. ചിത്രത്തിൽ ജഗദീഷും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതാകും ഈ വേഷമെന്നാണ് സൂചനകൾ. ആക്ഷന് ഏറെ പ്രധാന്യമുള്ള ചിത്രത്തിന് സംഘട്ടനം ഒരുക്കിയിരിക്കുന്നത് പ്രമുഖ സ്റ്റണ്ട് മാസ്റ്റർ കലൈ കിങ്ങ്സ്റ്റണാണ്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.