രാസലഹരി വിപത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയൻ ആവിഷ്കരിച്ച ‘ബ്രേക്കിങ് ഡി’ പദ്ധതിയുടെ ലോഗോ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. രാസലഹരികളുടെ ചങ്ങലക്കണ്ണികളെ കുറിച്ച വിവരങ്ങൾ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് പദ്ധതി.
ക്യു.ആര്‍ കോഡ് വഴി ആർക്കുവേണമെങ്കിലും പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ ‘ബ്രേക്കിങ് ഡി’ ആപ്പിലേക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. സ്റ്റാർട്ടപ് സംരംഭമായ സൂപ്പര്‍ എ.ഐയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലെയും പ്രസ്ക്ലബ് ആസ്ഥാനങ്ങളിലും കെ.യു.ഡബ്ല്യു.ജെയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ക്യു.ആർ കോഡ് സ്‌കാനര്‍ പ്രചാരണം നടക്കും. രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്യു.ആർ കോഡ് പോസ്റ്റർ പതിപ്പിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.