നിരവധി വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകനെതിരെ പോക്സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകൾ കേരള ഹൈക്കോടതി റദ്ദാക്കിയതിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. അഞ്ചു വിദ്യാർത്ഥികളുടെ പരാതിയിൽ സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ സുരേഷ് കുമാറിനെതിരെ മലപ്പുറം തിരൂർ പോലീസ് റജിസ്റ്റർ ചെയ്ത കേസുകളാണ് 2022 ജൂലൈ 13ന് ഹൈക്കോടതി റദ്ദാക്കിയത്. കുറ്റപത്രം സമർപ്പിക്കുകയും അതിജീവിതകളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിട്ടും, ലൈംഗിക ഉദ്ദേശ്യത്തിന് തെളിവില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി അധ്യാപകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിയത്.ഹൈക്കോടതി നടപടിയെ നിർവികാരപരം എന്നു വിശേഷിപ്പിച്ച സുപ്രീം കോടതി പ്രതിക്കെതരെയുള്ള ക്രിമിനൽ നടപടികൾ പുനഃസ്ഥാപിച്ചു.
ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് കേസിലെ നടപടികൾ പുനസ്ഥാപക്കാൻ ഉത്തരവിട്ടത്. ഇരകളെ വീണ്ടും ഇരകളാക്കുന്ന നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും കേസിന്റെ പ്രാഥമിക ഘട്ടത്തിൽ അതിജീവിതകളുടെ മൊഴി ഹൈക്കോടതി കാര്യമായി പരിഗണച്ചില്ലെന്നും പ്രതി പ്രത്യേക ലൈംഗിക ഉദ്ദേശ്യത്തോടെയാണ് കൃത്യം ചെയ്തെന്ന് അനുമാനിക്കാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ നിഗമനത്തെ പ്രീം കോടതി വിമർശിക്കുകയും ചെയ്തു.
പ്രതി ഒരു അധ്യാപകനാണെന്നും ഇരകൾ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളാണെന്നുമുള്ള കാര്യം അവഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വികാരരഹിതമായി പെരുമാറിയതെന്നും സുപ്രീം കോടതി പറഞ്ഞു. എഫ്‌ഐആറുകൾ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ്, അതിജീവിതകളിൽ ഒരാളുമായി വിഷയം ഒത്തുതീർപ്പാക്കാൻ അദ്ദേഹം ശ്രമിച്ചതായി ആരോപിക്കപ്പെടുന്നു. തുടക്കത്തിൽ, 19 വയസ്സുള്ള ഒരു വിദ്യാർത്ഥിയുടെ മൊഴി മാത്രമാണ് പോലീസ് രേഖപ്പെടുത്തിയതെന്നും, ജുഡീഷ്യൽ ഇടപെടലിന് ശേഷമാണ് അഞ്ച് എഫ്‌ഐആറുകൾ ഒടുവിൽ ഫയൽ ചെയ്തതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
കമ്പ്യൂട്ടർ ലാബിൽ വച്ച് അനുചിതമായി സ്പർശിച്ചെന്നും സാനിറ്ററി നാപ്കിനുകളെക്കുറിച്ച് വിദ്യാർത്ഥികളോട് അധിക്ഷേപകരമായ ചോദ്യങ്ങൾ ചോദിച്ചെന്നും, വിദ്യാർത്ഥികളുടേതെന്ന് കരുതുന്ന ഫോൺ നമ്പറുകളിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ചെന്നുമാണ് അധ്യാപകനെതിരെ വന്ന ആരോപണങ്ങൾ. മോശം പെരുമാറ്റത്തെക്കുറിച്ച് വിദ്യാർത്ഥിനികൾ സ്കൂൾ അധികൃതരോട് പരാതിപ്പെട്ടതനെത്തുടർന്ന് പ്രാഥമിക അന്വേഷണം നടത്തുയും കമ്പ്യൂട്ടർ ലാബിൽ വനിതാ മാഗസിനുകളും സിഡികളും കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതി മാപ്പ് പറഞ്ഞെങ്കിലും മോശം പെരുമാറ്റം തുടർന്നതും കൂടുതൽ പരാതികൾ വന്നതും കാരണം അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ ഇടപെടലിന് ശേഷം അഞ്ച് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
എന്നാൽ ഒരു കേസ് ഒത്തുതീർപ്പാക്കിയെന്ന് വാദിച്ച് പ്രതി എഫ്ഐആർ റദ്ദാക്കാൻ ശ്രമിച്ചു. ഇരകളെ സംരക്ഷിത സാക്ഷികളായി കണക്കാക്കണമെന്നും അവരുടെ മൊഴികൾ എത്രയും വേഗം രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പ്രതിയെ അവരെ ബന്ധപ്പെടുന്നതിനോ സ്വാധീനിക്കുന്നതിനോ വിലക്കിയിട്ടുണ്ട്. വിചാരണ വേളയിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ സ്‌കൂളിനോടും കോടതി നിർദേശച്ചു.










