ലഹരി മാഫിയ സംഘത്തിൽ നിന്ന് രക്ഷപ്പെട്ട യുവതിയെ കൊലപ്പെടുത്താൻ ശ്രമം. കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. ചക്കുകടവ് ചെന്നാലേരി സ്വദേശി സലീം എന്ന യുവാവാണ് കഴിഞ്ഞ ദിവസം യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഈ സംഭവത്തിൽ ഇയാളെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. സലീം പുറത്തിറങ്ങിയാൽ അപായപ്പെടുത്തുമെന്നാണ് ചികിത്സയിലുള്ള യുവതി ആരോപിക്കുന്നത്.2016ലാണ് മൊബൈല്‍ ഫോൺ വിളികളിലൂടെ സലീം യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ഇയാള്‍ യുവതി ലഹരിക്കടത്തുന്നതിനായി ഉപയോഗിക്കുകയായിരുന്നു. എന്നാൽ 2018ൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് കഞ്ചാവുമായി യുവതി പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇയാളിൽ നിന്നും അകലം പാലിക്കാൻ യുവതി ശ്രമിച്ചെങ്കിലും കൂടെ നിന്നില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് സലീം ഭീഷണിപ്പെടുത്തുകയായിരുന്നു.സഹോദരിയുടെ മകനെ കള്ളക്കേസിൽ സലീം ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ യുവതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. പരാതി നൽകി തൊട്ടടുത്ത ദിവസം ബസ് കാത്തു നിൽക്കുകയായിരുന്ന യുവതിയെ പ്രതി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.