ന്യൂഡൽഹി∙ സുപ്രീം കോടതിക്കെതിരെ പാർട്ടി അംഗങ്ങൾ നടത്തിയ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് ബിജെപി. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങളെയാണ് ബിജെപി തള്ളിയത്. ഇരുവരുടെയും പരാമർശങ്ങൾ വ്യക്തിപരമാണെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കിയ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ഇരുനേതാക്കൾക്കും നിർദേശം നൽകി. രാജ്യത്ത് മതസംഘർഷങ്ങൾക്ക് പ്രേരിപ്പിക്കുന്നത് സുപ്രീംകോടതിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം നിഷികാന്ത് ദുബേ നടത്തിയ പരാമർശം
ജുഡീഷ്യറിയെയും രാജ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും കുറിച്ച് ബിജെപി എംപി നിഷികാന്ത് ദുബേയും ദിനേഷ് ശർമയും നടത്തിയ പരാമർശങ്ങളുമായി ബിജെപിക്ക് ബന്ധമില്ല. ഇവ വ്യക്തിപരമായ പരാമർശങ്ങളാണ്. എന്നാൽ ബിജെപി ഇത്തരം പരാമർശങ്ങൾ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ല. ഇത്തരം പരാമർശങ്ങളെ ബിജെപി തള്ളിക്കളയുന്നു. ബിജെപി എന്നും ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ നിർദേശങ്ങളും വിധികളും പൂർണമനസോടെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുൾപ്പെടെയുള്ള രാജ്യത്തെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും ഭരണഘടനയെ താങ്ങിനിർത്തുന്ന ശക്തമായ തൂണുമാണെന്ന് ബിജെപി വിശ്വസിക്കുന്നു. ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് ആ നേതാക്കളോടും മറ്റുള്ളവരോടും നിർദേശം നൽകിയിട്ടുണ്ട്’–നഡ്ഡ സമൂഹമാധ്യമത്തിൽ പറഞ്ഞു