ഇക്കൊല്ലം ഏപ്രിൽ 14 വരെയുള്ള മൂന്നരമാസംകൊണ്ട് കേരള പോലീസ് പിടിച്ചെടുത്തത് 13 കോടി രൂപയുടെ മയക്കുമരുന്ന്.ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത് 21,362 പ്രതികളെ. 14,530 കേസുകളും രജിസ്റ്റർചെയ്തു. സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്ന 94 പേരെയും അറസ്റ്റുചെയ്തു.കേരളത്തിലെ മയക്കുമരുന്നുകേസുകളുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനങ്ങളിലെ 94 പേരെയും അറസ്റ്റ്ചെയ്തു
ദീർഘദൂര തീവണ്ടികളിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് പിടിച്ചെടുത്തതിന് 64 കേസുകളും രജിസ്റ്റർ ചെയ്തു. 1.5 കോടി രൂപയുടെ മയക്കുമരുന്നാണ് തീവണ്ടികളിൽനിന്ന് പിടിച്ചെടുത്തത്.
ഡാർക്ക് വെബ് വഴി മയക്കുമരുന്ന് വാങ്ങി പാഴ്സലായി എത്തിച്ചതിന് കൊച്ചിയിൽ ഒരു കേസും പിടികൂടി. ഇക്കൊല്ലം ഇതുവരെ 32 കേസുകളിലായി 39 പ്രതികളുടെ സ്ഥാവരജംഗമവസ്തുക്കൾ കണ്ടുകെട്ടിയതായും പോലീസ് പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിച്ച 4500 പേർക്ക് പോലീസ് ഇടപെട്ട് കൗൺസലിങ് നൽകി. ഇതിൽ 804 പേർ 18 വയസ്സിന് താഴെയുളളവരായിരുന്നു. മയക്കുമരുന്നിൽനിന്ന് വിമുക്തി നേടാൻ 19 കുട്ടികൾക്ക് ചികിത്സ വേണ്ടിവന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന്റെ ഉറവിടം മനസ്സിലാക്കി അതാതിടത്തെ പോലീസ് മേധാവിമാരുടെ യോഗം നടത്തി. തുടർന്ന് കടത്തുകാരുടെ വിവരങ്ങൾ അവർക്ക് കൈമാറിയാണ് കേരളത്തിലേക്കുള്ള മയക്കുമരുന്നുവരവ് തടയുന്നത്. എല്ലാ പോലീസ് സ്റ്റേഷൻ തലത്തിലും പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പുകൾ രൂപവത്കരിച്ചും പ്രവർത്തനം നടത്തുന്നുണ്ട്.