ലഹരിക്കടിമയായ മകന്റെ ശല്യം സഹിക്കാതെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണവുമായി മാതാവ്. സംഭവത്തിൽ കക്കൂർ പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. ഇന്നലെ മൂന്ന് തവണ പൊലീസ് സ്റ്റേഷനിൽ പോയിട്ടും കാര്യമൊന്നുമുണ്ടായില്ലെന്ന് അവർ വ്യക്തമാക്കി. മകനെ ലഹരി വിമോചന കേന്ദ്രത്തിൽ എത്തിക്കണമെന്നാണ് മാതാവിന്റെ ആവശ്യം. ഇല്ലെങ്കിൽ അവൻ അടുത്ത അഫാൻ ആകുമെന്നും അവർ വ്യക്തമാക്കി. മകൻ മുമ്പ് പല തരത്തിലുള്ള ലഹരികൾ ഉപയോഗിച്ചിരുന്നു. ലഹരി വിമോചന കേന്ദ്രത്തിലെ മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ കുറച്ചുനാളായി പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.
എന്നാൽ അടുത്തിടെ വീണ്ടും ലഹരി ഉപയോഗം തുടങ്ങി. കഴിഞ്ഞ ദിവസം അക്രമാസക്തനായ മകൻ വീടിന്റെ ജനലുകളടക്കം തകർത്തു. നാട്ടുകാരിലൊരാളാൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇന്നലെ മൂന്ന് തവണ പൊലീസ് സ്റ്റേഷനിൽ പോയെന്നും മാതാവ് വ്യക്തമാക്കി.
വീട്ടിൽ മകനെ കൂടാതെ അവന്റെ ഭാര്യ, കുഞ്ഞ്, ഭർത്താവിന്റെ ഉമ്മ എന്നിവരാണ് ഉള്ളത്. പ്രശ്നങ്ങളുണ്ടായതോടെ മകന്റെ ഭാര്യയേയും കുഞ്ഞിനെയും അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചെന്നും മാതാവ് പറഞ്ഞു.