സൂപ്പർതാര സിനിമകൾ ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് ഇത്തവണ വിഷു റിലീസായി തിയേറ്ററിലെത്തിയത്. മികച്ചതും സമ്മിശ്രവുമായ പ്രതികരണങ്ങൾ സ്വന്തമാക്കി ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റം നടത്തി കുതിക്കുകയാണ് ഈ സിനിമകൾ. മമ്മൂട്ടിയുടെ ബസൂക്ക, നസ്‍ലെന്‍ ചിത്രം ആലപ്പുഴ ജിംഖാന, ബേസിലിന്റെ മരണമാസ്സ് എന്നിവയാണ് ഏപ്രിൽ 10 ന് തിയേറ്ററിലെത്തിയത്. കേരളത്തിന് പുറമെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഈ ചിത്രങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.നസ്‍ലെന്‍ ചിത്രമായ ആലപ്പുഴ ജിംഖാനയാണ് റസ്റ്റ് ഓഫ് ഇന്ത്യയിൽ കളക്ഷനിൽ ഒന്നാമത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ 10 ന് പുറത്തിറങ്ങിയ ചിത്രം 1.6 കോടിയാണ് ഇതുവരെ നേടിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നസ്‍ലെന്റെ പ്രകടനത്തിനും കയ്യടികൾ ലഭിക്കുന്നുണ്ട്. ചിത്രം കേരളത്തിൽ നിന്നും ഇതുവരെ പത്ത് കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. മമ്മൂട്ടി ചിത്രമായ ബസൂക്കയാണ് കളക്ഷനിൽ തൊട്ടുപിന്നാലെയുള്ള ചിത്രം. 80 ലക്ഷമാണ് സിനിമയുടെ നേട്ടം. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. ചിത്രം ആദ്യ ദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 3.25 കോടി രൂപ നേടിയതായാണ് ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്. സിനിമയ്ക്ക് 1.50 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും അഡ്വാന്‍സ് ബുക്കിംഗിലൂടെ കളക്ഷൻ ലഭിച്ചത്.