തൃശൂർ: മാട്രിമോണിയലിലൂടെ പരിചയപ്പെട്ട് ക്രിപ്റ്റോ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന വാഗ്‌ദാനത്തിൽ തൃശൂർ സ്വദേശിയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. മലപ്പുറം ആനക്കല്ല് ഉപ്പട സ്വദേശിനി ചെമ്പകത്തിനാൽ വീട്ടിൽ അഞ്ജുബാബു സി (31), മലപ്പുറം ചുങ്കത്തറ എടമല സ്വദേശിയായ പൊട്ടാരത്ത് വീട്ടിൽ മുഹമ്മദ് ഹാഷിക്ക് (28) എന്നിവരെയാണ് കംബോഡിയയിൽ നിന്നും വരുന്നവഴി ബംഗളൂരു എയർപോർട്ടിൽ ത്യശൂർ സൈബർ ക്രൈം പൊലീസ് പിടികൂടിയത്.തൃശൂർ സ്വദേശിയെ മാട്രിമോണിയലിലൂടെ പരിചപ്പെട്ട യുവതി വിവാഹവാഗ്ദാനം നൽകി വിശ്വാസം ഉറപ്പിച്ചു. തുടർന്ന് ക്രിപ്റ്റോ കറൻസി ട്രേഡിംഗിലൂടെ സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു ലക്ഷം രൂപകൈക്കലാക്കി. പണം തിരിച്ചു കിട്ടാതെയും ഫോണിൽ പ്രതികരിക്കുകയും ചെയ്യാതെവന്നതോടെ യുവാവ് തൃശൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.സൈബർ പൊലീസിന് വിദഗ്‌ധമായ അന്വേഷണത്തിലൂടെ സൈബർ തട്ടിപ്പിന്റെ കംബോഡിയയിലെ ഒരുസംഘത്തിലെ രണ്ടുകണ്ണികളാണ് പ്രതികളെന്ന് മനസിലാക്കി. തുടർന്ന് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കംബോഡിയയിൽ നിന്നും നാട്ടിലേക്ക് വരും വഴി ബംഗളൂരു പൊലീസ് പ്രതികളെ തടഞ്ഞുവച്ച് ത്യശൂർ സൈബർ ക്രൈം പൊലീസിനെ അറിയിക്കുകയായിരുന്നു.സൈബർ ക്രൈം ഇൻസ്പെക്‌ടർ സുധീഷ് കുമാറിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ ജയൻ, ആർ എൻ ഫൈസൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി പ്രതിഭ, സിവിൽ പൊലീസ് ഓഫീസർമാരായ വിബി അനൂപ് , ടി സി ചന്ദ്രപ്രകാശ് എന്നിവരും അംഗങ്ങളായിരുന്നു.