കൊച്ചി: നവംബർ 30-ന് മുമ്പ് സ്റ്റേഡിയത്തിന്റെ നിർമ്മാണപ്രവൃത്തികൾ തീർത്ത് കളിക്ക് അനുയോജ്യമാക്കി കൈമാറുമെന്ന് ആന്റോ അഗസ്റ്റിൻ. അർജന്റീന കേരളത്തിൽ എത്തില്ലെന്ന് ഉറപ്പായതിനു പിന്നാലെ സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവൃത്തികളെച്ചൊല്ലി ഉയരുന്ന ചോദ്യങ്ങളിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവൃത്തികൾക്ക് രേഖാമൂലമുള്ള കരാർ എസ്കെഎഫുമായി (സ്പോർട്സ് കേരള ഫൗണ്ടേഷൻ) ഉണ്ടെന്നും മെസിയേയും സംഘത്തേയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച സ്പോൺസർ ആന്റോ അഗസ്റ്റിൻ പറഞ്ഞു.അർജന്റീനൻ സംഘത്തെ കേരളത്തിലെത്തിക്കും എന്നത് ഒരു സർക്കാർ പദ്ധതിയായിരുന്നു. അതിൽ ആദ്യത്തെ സ്പോൺസർ പിന്മാറിയപ്പോഴാണ് താൻ സ്പോൺസറായി വന്നത്. തിരുവനന്തപുരം സ്റ്റേഡിയം ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ അത് ക്രിക്കറ്റ് സ്റ്റേഡിയം ആയതിനാൽ ഫിഫയുടെ റാങ്കിങ് ലഭിക്കാൻ പ്രയാസമായിരുന്നു. തുടർന്ന് കൊച്ചി സ്റ്റേഡിയം തീരുമാനിക്കുകയായിരുന്നു. ഫിഫ അനുമതിക്ക് വേണ്ടിയിട്ടാണ് കൊച്ചിയിലെ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടത്തിയതെന്ന് ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ തനിക്ക് അജണ്ടയില്ല, ലാഭം കൊയ്യാൻ ഉദ്ദേശവുമില്ല. കേരളത്തിൽ പണം മുടക്കുന്നവരെ ലാഭം കൊയ്യുന്നവരായിട്ടാകും ചിലർ കണ്ടിട്ടുണ്ടാവുക. എന്നാൽ അങ്ങനെ അല്ല. താൻ ഇറങ്ങിത്തിരിച്ചത് കേരളത്തിൽ ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരം കൊണ്ടുവരാനാണ്. കേരളത്തിലെ കായികം, ടൂറിസം തുടങ്ങിയവയുടെ വികസനമാണ് ഉദ്ദേശിച്ചത്. അതിന് വേണ്ടി താൻ പണം മുടക്കി. നഷ്ടം വന്നാൽ താൻ സഹിച്ചോളാം. കളി നടന്നില്ലെങ്കിൽ തനിക്ക് വലിയ നഷ്ടം ഉണ്ടാകും. തന്നെ സംബന്ധിച്ചിടത്തോളം ഒരാളുടേയും ഒരു പൈസയും താൻ വാങ്ങിയിട്ടില്ലെന്നും ടിക്കറ്റ് വിറ്റിട്ടില്ലെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.കാറ്റുപിടിച്ചാൽ താഴെ പോകുന്ന അവസ്ഥയിലായിരുന്നു ഫ്ലഡ് ലൈറ്റ്. ഉത്തരവാദിത്തമുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമോ? ജിസിഡിഎ തീരുമാനിക്കുന്നു. ഞാൻ അത് ഫ്രീയായി ചെയ്തുകൊടുക്കുന്നു. ഇതിൽ സർക്കാരിന് നഷ്ടമില്ല. തനിക്ക് മാത്രമാണ് നഷ്ടം. രേഖാമൂലമുള്ള കരാർ എസ്കെഎഫുമായി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








