പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ബി ജെ പി ഭീഷണിയുമായി രംഗത്തെത്തിയ സംഭവത്തിൽ പരാതി നൽകി കോൺഗ്രസ്. പാലക്കാട് ബി ജെ പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ എസ് പി ഓഫീസിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയത്.ആർ എസ് എസ് നേതാക്കളെ അവഹേളിക്കാനാണ് തീരുമാനമെങ്കിൽ എം എൽ എ പാലക്കാട് കാലുകുത്തില്ലെന്നായിരുന്നു പ്രശാന്തിന്റെ പ്രധാന ഭീഷണി. ഇതിനെതിരെയാണ് കോൺഗ്രസ് പരാതി നൽകിയത്. തിരഞ്ഞെടുത്ത ജനപ്രതിനിധിയെ എങ്ങനെയാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയെന്നാണ് പാർട്ടി പ്രവർത്തകർ ചോദിക്കുന്നത്.നഗരസഭ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ എസ് എസ് സ്ഥാപകൻ ഡോ. കെ ബി ഹെഡ്‌ഗേവാറിന്റെ പേരിട്ടതിനെതിരെ ഇന്നലെ വലിയ തോതിൽ പ്രതിഷേധം നടന്നിരുന്നു. തറക്കല്ലിടൽ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് ഡി വൈ എഫ് ഐ, യൂത്ത് കോൺഗ്രസ് സംഘടനകൾ മാർച്ച് നടത്തിയിരുന്നു. ഡി വൈ എഫ് ഐ ശിലാഫലകം തകർത്തു. തറക്കല്ലിട്ട സ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴവെച്ച് പ്രതിഷേധിച്ചു.പ്രതിഷേധങ്ങൾക്കിടെ നഗരസഭാ അദ്ധ്യക്ഷ പ്രമീള ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭയ്ക്ക് മുന്നിലേക്ക് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഹെഡ്ഗേവാറിന്റെ കോലം ഏന്തിയുള്ള പ്രതിഷേധ മാർച്ച് നടത്തി. നഗരസഭയ്ക്ക് മുന്നിൽ പൊലീസ് തടഞ്ഞു, കോലം പിടിച്ചുവാങ്ങി. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടന്ന് നഗരസഭയ്ക്കുള്ളിലേക്ക് പ്രവേശിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ ജയഘോഷ് ചെയർപേഴ്സന്റെ ചേമ്പറിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു.ജയഘോഷിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ എം എൽ എയും പ്രവർത്തകരും പൊലീസ് ജീപ്പ് തടഞ്ഞു. ശക്തമായ പ്രതിരോധം കാരണം പൊലീസ് ജയഘോഷിനെ വിട്ടയച്ചു. ഇതിനുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ഭീഷണിയുമായി ബി ജെ പി രംഗത്തെത്തിയത്.








