മുംബയ് ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).ഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുന്ന റാണയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പാലം വ്യോമസേന വിമാനത്താവളത്തിലാണ് തഹാവൂര്‍ റാണയെ എത്തിച്ചത്.
എന്‍എസ്ജ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി. ഓണ്‍ലൈനായിട്ടാണ് റാണയെ കോടതിയില്‍ ഹാജരാക്കുക. എന്‍ഐഎ അഭിഭാഷകര്‍ പാട്യാല ഹൗസ് കോടതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്‍ഐഎ ഓഫീസിന് മുന്നിലെ സുരക്ഷ ക്രമീകരണങ്ങള്‍ ഡല്‍ഹി പൊലീസ് വിലയിരുത്തി. ഡല്‍ഹി ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലെ അഭിഭാഷകന്‍ പിയൂഷ് സച്ച്‌ദേവ ആയിരിക്കും റാണക്കായി ഹാജരാകുക. ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചത്.
റാണയുമായുള്ള പ്രത്യേക വിമാനം വ്യാഴാഴ്ച വൈകീട്ടോടെ ഡല്‍ഹിയിലെ വ്യോമസേനാ താവളത്തില്‍ എത്തിയിരുന്നു. വിമാനം എത്തിയ ഉടന്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ഇയാളെ എന്‍ഐഎ ഓഫിസില്‍ എത്തിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നടപടി ക്രമങ്ങള്‍ക്കു ശേഷം പിന്നീട് തിഹാര്‍ ജയിലിലെ അതീവസുരക്ഷാ ബ്ലോക്കിലേക്ക് മാറ്റും.
എന്‍ഐഎയുടെ പന്ത്രണ്ടംഗ സംഘമാണ് റാണയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരടാണ് സംഘത്തിലുള്ളത്. റാണയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് പാക് വിദേശകാര്യ വക്താവ് ഒഴിഞ്ഞുമാറി. റാണ കനേഡിയന്‍ പൗരനാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 2008 നവംബര്‍ 26-ന് 166 പേരുടെ മരണത്തില്‍ കലാശിച്ച മുംബയ് ഭീകരാക്രമണത്തിന് പ്രധാന ആസൂത്രകനായ പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കൂട്ടാളിയാണ് തഹാവൂര്‍ റാണ (64).
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ജനിച്ചത്. പാക് ആര്‍മി മെഡിക്കല്‍ കോറില്‍ പ്രവര്‍ത്തിച്ചു. ബിസിനസുമായി ബന്ധപ്പെട്ട് 1997മുതല്‍ കാനഡയിലാണ്. ഹെഡ്‌ലിയുമായുള്ള പരിചയം ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തയ്ബയിലേക്കും പാക് ചാരസംഘടനയായ ഐ എസ് ഐയിലേക്കും അടുപ്പിച്ചു. എന്‍ ഐ എ കുറ്റപത്രം പ്രകാരം ഹെഡ്‌ലി, റാണ, ലഷ്‌കര്‍ ഇ തയ്ബ സ്ഥാപകന്‍ സാക്കിയുര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്.ആക്രമണം നടത്താനുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതും ഭീകരര്‍ക്ക് സാമ്പത്തിക, യാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കിയതും റാണയെന്ന് കുറ്റപത്രത്തില്‍. യു എസ് അന്വേഷണ ഏജന്‍സി എഫ് ഐ ബി 2009 ഒക്ടോബറില്‍ ഹെഡ്‌ലിയെയും റാണയെയും അറസ്റ്റു ചെയ്തു.