ഐപിഎല്ലിലെ ത്രില്ലർ മത്സരത്തിൽ വിരാട് കോലി സ്വന്തമാക്കിയത് മറ്റൊരിന്ത്യക്കാരനും അവകാശപ്പെടാനില്ലത്ത റെക്കോർഡ്. ടി 20 യിൽ ഏറ്റവും വേഗത്തിൽ 13,000 റൺസ് തികയ്‌ക്കുന്ന ഇന്ത്യൻ ബാറ്ററായി കോലി ചരിത്രം കുറിച്ചു. തിങ്കളാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിലാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റിൽ 13000 റൺസ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനെന്ന റെക്കോർഡും സ്റ്റാർ ബാറ്റർ സ്വന്തമാക്കി. ക്രിസ് ഗെയ്‌ലാണ് ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ചത് (381 ഇന്നിംഗ്‌സ്), വിരാട് 386 ഇന്നിംഗ്‌സുകളിൽ നിന്നാണ് 13,000 റൺസ് തികച്ചത്. അലക്സ് ഹെയ്ൽസ് (474), ഷോയിബ് മാലിക് (487), കീറോൺ പൊള്ളാർഡ് (594) എന്നിവരാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ. മുംബൈയ്‌ക്കെതിരായ മത്സരത്തിൽ വിരാട് മികച്ച ഫോമിലായിരുന്നു. വെറും 29 പന്തുകളിൽ നിന്ന് താരം മികച്ച അർദ്ധസെഞ്ച്വറി നേടി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലിയും ദേവ്ദത്ത് പടിക്കലുംപവര്‍പ്ലേയില്‍ കത്തിക്കയറി. ജസ്പ്രീത് ബുംറയുടെ പന്ത് സിക്‌സ് പറത്തി കോലി ആരാധകരെ ആവേശഭരിതരാക്കി. അവസാന ഓവറിലേയ്‌ക്ക് നീണ്ട ത്രില്ലര്‍ മത്സരത്തിൽ 12 റൺസിനായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. 222 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്‌ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.