നാട്ടിൽ നിന്ന് മക്കളെ കാണാനായി ബ്രിട്ടനിലെത്തിയ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം മണർകാട് മാലം സ്വദേശി കല്ലടിയിൽ രാജുവിന്റെ ഭാര്യ ജാൻസി രാജു (60) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ബ്രിട്ടനിലെ ഓൾഡ്ഹാമിൽ വച്ചായിരുന്നു മരണം. മകനും കുടുംബത്തിനുമൊപ്പം ഓൾഡ്ഹാം സിറ്റി സെന്ററിൽ ഷോപ്പിങ്ങ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പാരാമെഡിക്കൽ സംഘത്തിന്റെ വൈദ്യസഹായവും ആംബുലൻസ് സംഘമെത്തി സിപിആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടാഴ്ച മുൻപാണ് മകൻ ടിബിൻ രാജുവിനെയും കുടുംബത്തെയും കാണാനായി സന്ദർശക വീസയിൽ ബ്രിട്ടനിൽ എത്തിയത്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.
യുക്മ നോർത്ത് വെസ്റ്റ് പ്രിസിഡന്റ് ഷാജി വരാക്കുടിയും ഓൾഡ്ഹാം മലയാളി അസോസിയേഷൻ ഭാരവാഹികളും ആശുപത്രിയിലെത്തി കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുന്നുണ്ട്